| Wednesday, 13th August 2025, 10:47 pm

സഞ്ജു ടീം വിടാന്‍ ഒരുങ്ങുന്നതിന് പിന്നില്‍ രാജസ്ഥാനുമായുള്ള ഭിന്നതയോ?

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച വിഷയം. താരം തന്റെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇതിന് കാരണം. നേരത്തെ, ഐ.പി.എല്‍ 2026ന് മുന്നോടിയായി താരം ടീം വിടാന്‍ താത്പര്യമറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ടീമിന്റെ ക്യാപ്റ്റനായിരിക്കെ താരം ഇങ്ങനൊരു നീക്കം നടത്തിയത് ആരാധകര്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. അതിലേക്ക് നയിച്ചത് എന്തായിരുന്നുവെന്നാണ് മികച്ചവരും ഉയര്‍ത്തിയ ചോദ്യം.

ഇപ്പോള്‍, സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യമറിയിച്ചതിന് പിന്നില്‍ കാരണം ടീമുമായുള്ള അഭിപ്രായ ഭിന്നതയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ക്രിക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് അനുസരിച്ച്, സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മില്‍ പല അഭിപ്രായ വ്യതാസങ്ങളും ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വിള്ളല്‍ വളര്‍ന്നുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പ്രധാന ഘടകമായത് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ ഒഴിവാക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഐ.പി.എല്‍ 2025 മുന്നോടിയായി നടന്ന മെഗാ ലേലത്തിലായിരുന്നു ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തത്. മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവാത്തതില്‍ സഞ്ജുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, സഞ്ജുവിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ താരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സി.എസ്.കെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ സഞ്ജു താത്പര്യമറിയിച്ചാല്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുമ്പ് വെളിപ്പെടുത്തിയതാണ് ഇതിന് കാരണം.

എന്നാല്‍, ക്രിക്ബസിന്റെ തന്നെ റിപ്പോര്‍ട്ട് അനുസരിച്ച് ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തിന്റെ സാധ്യതകള്‍ മങ്ങുകയാണ്. താരത്തിന് പകരക്കാരായി രാജസ്ഥാന്‍ റോയല്‍സ് ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ എന്നിവരെ ഒരാളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ താരങ്ങളെ കൈവിടാന്‍ ചെന്നൈ ഒരുക്കമല്ലെന്നും അതാണ് ഈ കൂടുമാറ്റത്തിന്റെ വഴികള്‍ അടക്കുന്നതെന്നാണ് സൂചന.

Content Highlight: Reports suggests that Jos Butler’s release is the triggering point of Sanju Samson’s decision to leave Rajasthan Royals

We use cookies to give you the best possible experience. Learn more