| Thursday, 15th May 2025, 7:16 am

ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും രോഹിത്തും വിരാടും തരം താഴ്ത്തപ്പെടില്ല; നിര്‍ണായക തീരുമാനവുമായി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടാണ് രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.

തുടര്‍ച്ചയായ സീനിയര്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്കിനാണ് ഇന്ത്യന്‍ ടെസ്റ്റ് ഫോര്‍മാറ്റ് സാക്ഷ്യം വഹിക്കുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ ആര്‍. അശ്വിനും ഇപ്പോള്‍ വിരാടും രോഹിത്തും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ഹമായ വിടവാങ്ങല്‍ മത്സരം പോലുമില്ലാതെയാണ് മൂവരും പടിയിറങ്ങിയിരിക്കുന്നത് എന്നതാണ് ആരാധകരെ നിരാശയിലേക്ക് തള്ളിയിടുന്ന മറ്റൊരു ഘടകം.

ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയെങ്കിലും ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും വിരാടിനെയും രോഹിത്തിനെയും തരം താഴ്ത്തില്ലെന്ന് വ്യക്തമാക്കുകയാണ് അപെക്‌സ് ബോര്‍ഡ് സെക്രട്ടറിയായ ദേവ്ജീത് സൈക്കിയ. ഇരുവരും എ പ്ലസ് കാറ്റഗറിയില്‍ തന്നെ തുടരുമെന്നാണ് സൈക്കിയ പറഞ്ഞത്.

ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഇരുവരും ബോര്‍ഡ് എ പ്ലസ് കാറ്റഗറിയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഓള്‍ ഫോര്‍മാറ്റ് താരങ്ങള്‍ അല്ലാത്തതിനാല്‍ ഇരുവരെയും എ ഗ്രേഡിലേക്ക് തരം താഴ്ത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ബി.സി.സി.ഐ ഇരുവര്‍ക്കും എ പ്ലസ് കാറ്റഗറി തന്നെ നല്‍കുകയായിരുന്നു.

ഇപ്പോള്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുമ്പോഴും എ പ്ലസ് കാറ്റഗറിയില്‍ നിന്നും പടിയിറങ്ങേണ്ടി വന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബി.സി.സി.ഐ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

‘ടി-20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും എ പ്ലസ് കാറ്റഗറി അതുപോലെ തന്നെ തുടരും. അവര്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗം തന്നെയാണ്. എ പ്ലസ് കാറ്റഗറിയിലെ എല്ലാ ഫെസിലിറ്റികളും അവര്‍ക്ക് ലഭിക്കും,’ ബി.സി.സി.ഐ സെക്രട്ടറിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ബി.സി.സി.ഐയുടെ എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇതില്‍ ജസ്പ്രീത് ബുംറ മാത്രമാണ് ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്തിനും വിരാടിനും പിന്നാലെ രവീന്ദ്ര ജഡേജയും കുട്ടിക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു.

ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് 2024-25

എ പ്ലസ് കാറ്റഗറി (ഏഴ് കോടി): രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ കാറ്റഗറി (അഞ്ച് കോടി): മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷബ് പന്ത്

ബി കാറ്റഗറി (മൂന്ന് കോടി): സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍

സി കാറ്റഗറി (ഒരു കോടി) : റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാടിദാര്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ

Content Highlight: Reports says Virat Kohli and Rohit Sharma will remain in BCCI’s A+ category in central contract

We use cookies to give you the best possible experience. Learn more