അബുദാബി: ഇറാനെതിരെ സൗദി അറേബ്യയെയും ഖത്തറിനെയും കൂട്ടുപിടിച്ച് സംയുക്ത സൈനിക നീക്കം നടത്താനുള്ള യു.എ.ഇയുടെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
സംയുക്ത ആക്രമണത്തിനുള്ള നീക്കം ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നേതാക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഗള്‍ഫ് മേഖലയിലുണ്ടായ ഇറാന്റെ ആക്രമണങ്ങള്‍ക്ക് സംയുക്തമായി സൈനിക തിരിച്ചടി നല്‍കാനായിരുന്നു യു.എ.ഇയുടെ പദ്ധതി. എന്നാല്‍, സംയുക്ത ആക്രമണം വേണമെന്ന യു.എ.ഇയുടെ ആവശ്യം സൗദി അറേബ്യയും മറ്റ് ഗള്‍ഫ് നേതാക്കളും നിരസിക്കുകയാണുണ്ടായത്.
അമേരിക്കന്‍-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇവരുടെ സൈനിക കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.
2021ലെ അബ്രഹാം ഉടമ്പടിയിലൂടെ ഇസ്രഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ യു.എ.ഇയാണ് ഇറാന്റെ തിരിച്ചടിയില്‍ ഏറ്റവുമധികം ആഘാതമേറ്റത്. ഏകദേശം 3,000ത്തോളം മിസൈലുകളും ഡ്രോണുകളും യു.എ.ഇയില്‍ പതിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇറാന്‍ എന്ന പൊതുശത്രുവിനെതിരെ ഒന്നിക്കുന്നതിന് പകരം, ഈ യുദ്ധം സൗദിയും യു.എ.ഇയും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇരുരാജ്യങ്ങളും സ്വന്തം നിലയില്‍ ഇറാനെതിരെ തിരിച്ചടി നല്‍കിയെങ്കിലും അവ വ്യത്യസ്ത രീതിയിലായിരുന്നു.
നിയന്ത്രിതമായ തിരിച്ചടികളായിരുന്നു സൗദ്യ അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അവര്‍ ഉടന്‍ തന്നെ തങ്ങളുടെ സഖ്യകക്ഷിയായ പാകിസ്ഥാന്‍ വഴിയുള്ള മധ്യസ്ഥ ചര്‍ച്ചകളിലേക്ക് ശ്രദ്ധ തിരിച്ചു.
ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളെയാണ് യു.എ.ഇ ലക്ഷ്യമിട്ടത്. ഏപ്രില്‍ മാസത്തില്‍ ഇറാന്റെ ലാവന്‍ ദ്വീപിന് നേരെ യു.എ.ഇ നടത്തിയ ആക്രമണത്തില്‍ അവിടുത്തെ പ്രധാന സൗകര്യങ്ങള്‍ മാസങ്ങളോളം പ്രവര്‍ത്തനരഹിതമായതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആക്രമണങ്ങളോടുള്ള ജി.സി.സിയുടെ പ്രതികരണം ദുര്‍ബലമാണെന്ന് യു.എ.ഇ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പരസ്യമായി വിമര്‍ശിച്ചിരുന്നു. അയല്‍രാജ്യങ്ങളുമായുള്ള ഈ അസ്വാരസ്യമാണ് ഒടുവില്‍ മേയ് മാസത്തില്‍ ഒപെക് എണ്ണ കൂട്ടായ്മയില്‍ നിന്ന് പുറത്തുപോകാന്‍ യു.എ.ഇയെ പ്രേരിപ്പിച്ചത്
അതേസമയം, യു.എ.ഇ ഇസ്രഈലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇറാനിയന്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഇസ്രഈല്‍ തങ്ങളുടെ അയണ്‍ ഡോം (Iron Dome) വ്യോമ പ്രതിരോധ സംവിധാനവും അത് പ്രവര്‍ത്തിപ്പിക്കാനുള്ള സൈനികരെയും യു.എ.ഇയിലേക്ക് അയച്ചതായി ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി സ്ഥിരീകരിച്ചു.
എന്നിരുന്നാലും, ഇസ്രഈലുമായുള്ള ബന്ധത്തിന്റെ ആഴം പരസ്യമായി സമ്മതിക്കാന്‍ യു.എ.ഇ ഇപ്പോഴും ജാഗ്രത കാട്ടുന്നുണ്ട്. യുദ്ധസമയത്ത് പ്രധാനമന്ത്രി നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചതായി ഇസ്രഈല്‍ അവകാശപ്പെട്ടെങ്കിലും അബുദാബി അത് പൂര്‍ണമായും നിഷേധിച്ചിരുന്നു.
Content Highlight: Reports says UAE’s attempt to persuade Saudi Arabia and Qatar to jointly attack Iran failed.