| Thursday, 6th March 2025, 3:11 pm

യു.എസില്‍ ഇനി വിദ്യാഭ്യാസ വകുപ്പ് ഉണ്ടാവില്ല; അടച്ചുപൂട്ടാന്‍ ഉടന്‍ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിടാനൊരുങ്ങി പ്രസിഡന്റ് ഡൊണാളഡ് ട്രംപ്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത ദിവസങ്ങളില്‍ തന്നെ ട്രംപ് ഉത്തരവില്‍ ഒപ്പുവെക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സെനറ്റില്‍വെച്ച് വിദ്യാഭ്യാസ സെക്രട്ടറിയായ ലിന്‍ഡ മക്മഹോണ്‍ വകുപ്പ് നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അനുകൂലിച്ചിരുന്നു. വകുപ്പ് ഉടനടി അടച്ചുപൂട്ടണമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, നിയമനിര്‍മാതാക്കള്‍ വകുപ്പിന്റെ ഫണ്ടിങ് നിയന്ത്രിക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ അംഗീകാരവും ഇക്കാര്യത്തില്‍ വേണം.

വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കണമെന്ന് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്. വകുപ്പിനെ വലിയ തട്ടിപ്പെന്ന് വിശേഷിപ്പിച്ച അദ്ദേഹം താന്‍ പ്രസിഡന്റായ ആദ്യ ടേമില്‍ തന്നെ ഇത് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസ് അനുകൂലിച്ചില്ല.

വകുപ്പ് അടച്ചുപൂട്ടിയാലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫെഡറല്‍ സ്‌കൂള്‍ ധനസഹായം തുടരുമെന്ന് മക്മഹോണ്‍ സെനറ്റ് അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ രാജ്യവ്യാപകമായി വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതില്‍ വകുപ്പിന് നിര്‍ണായക പങ്കുണ്ടെന്ന് ഒരുവിഭാഗം വിമര്‍ശകര്‍ വാദിക്കുന്നുണ്ട്. അടിയന്തര അടച്ചുപൂട്ടല്‍ കോടിക്കണക്കിന് ഡോളറിന്റെ ഫെഡറല്‍ സഹായത്തെ തടസപ്പെടുത്തുമെന്നും ഇത് കെ-12 സ്‌കൂളുകളെയും കോളേജ് ട്യൂഷന്‍ സഹായത്തെയും ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യു.എസിലുടനീളമുള്ള ഏകദേശം 10,0000പബ്ലിക് സ്‌കൂളുകളും 34,000 സ്വകാര്യ സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുണ്ട്. കൂടാതെ 1.6 ട്രില്യണ്‍ ഡോളറിലധികം വിദ്യാര്‍ത്ഥി വായ്പകളും വകുപ്പ മേല്‍നോട്ടം വഹിക്കുന്നുണ്ട്.

Content Highlight: Reports says Trump to order US Education Department shout down

We use cookies to give you the best possible experience. Learn more