ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് ശ്രേയസ് അയ്യര്‍ പുറത്തെടുക്കുന്നത്. 2023 ഐ.സി.സി ഏകദിന ലോകകപ്പിലേതെന്ന പോലെ ചാമ്പ്യന്‍സ് ട്രോഫിയിലും നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറിയിരിക്കുകയാണ്. കലാശപ്പോരാട്ടത്തിലും ശ്രേയസ് അയ്യരിന്റെ പ്രകടനം നിര്‍ണായകമാകും.
നാലാം നമ്പറില്‍ സ്ഥിരതയോടെ ബാറ്റ് വീശിയാണ് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ കൂടുതല്‍ സ്‌റ്റേബിളാക്കുന്നത്.
നാല് മത്സരത്തില്‍ നിന്നും 48.75 ശരാശരിയില്‍ 195 റണ്‍സാണ് താരം നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.
ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് ബി.സി.സി.ഐ വീണ്ടും സെന്‍ട്രല്‍ കോണ്‍ട്രാക്ട് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നേരത്തെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതിരുന്നതിന് പിന്നാലെ അച്ചടക്ക നടപടിയെന്നോണം അപെക്‌സ് ബോര്‍ഡ് ശ്രേയസ് അയ്യരിനെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെയും നിഷ്‌കരുണം സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇപ്പോള്‍ താരത്തെ വീണ്ടും വാര്‍ഷിക കരാറിന്റെ ഭാഗമാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാധാരണയായി ഐ.പി.എല്‍ സീസണിന് മുന്നോടിയായാണ് ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടുകള്‍ പ്രഖ്യാപിക്കുക. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനായാണ് ഇത്തവണ പ്രഖ്യാപനം വൈകിയത്.
എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയാണ് ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ളത്. എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങള്‍ക്ക് ഏഴ് കോടിയാണ് ലഭിക്കുക. എ കാറ്റഗറിയിലെ താരങ്ങള്‍ക്ക് അഞ്ച് കോടിയും ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് മൂന്ന് കോടിയും ലഭിക്കും. ഒരു കോടിയാണ് സി കാറ്റഗറി കോണ്‍ട്രാക്ട് ലഭിക്കുന്ന താരങ്ങളുടെ പ്രതിഫലം.
മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുറം, രവീന്ദ്ര ജഡേജ എന്നിവരാണ് നിലവില്‍ എ പ്ലസ് കോണ്‍ട്രാക്ടുള്ള താരങ്ങള്‍.
എന്നാല്‍ ഈ കോണ്‍ട്രാക്ടുള്ള വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിച്ചതിനാല്‍ ഇവരെ ഇതേ കാറ്റഗറിയില്‍ തന്നെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താകും ഇതില്‍ അന്തിമ തീരുമാനമുണ്ടാവുക.
അതേസമയം, നിലവില്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവര്‍ക്ക് എ കാറ്റഗറിയിലേക്ക് പ്രൊമോഷന്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content highlight: Reports says that BCCI will give Shreyas Iyer a central contract after the Champions Trophy.