| Tuesday, 23rd December 2025, 4:03 pm

ചെന്നൈയില്‍ ഇനി സഞ്ജു യുഗം! ധോണിയുടെ സ്ഥാനത്ത് ഇനി ചേട്ടന്‍? തല ഇനി പുതിയ റോളിലോ; റിപ്പോർട്ട്

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ല്‍ പുതിയ ടീമിനൊപ്പമാണ് ആരാധകരുടെ ചേട്ടന്‍ കളത്തിലിറങ്ങുന്നത്. വിസില്‍ പോടു ആര്‍മിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായാണ് ആരാധകരും അനലിസ്റ്റുകളും സഞ്ജുവിന്റെ വരവിനെ നോക്കിക്കാണുന്നത്. ഇതിനോളം വമ്പന്‍ ഫാന്‍ബെയ്‌സുള്ള സൂപ്പര്‍ കിങ്‌സിന്റെ ഫാന്‍ബെയ്‌സ് പുതിയ സീസണില്‍ ഇനിയും വര്‍ധിക്കുമെന്നുറപ്പാണ്.

ധോണിയുടെ പിന്‍ഗാമിയായാണ് ആരാധകര്‍ സഞ്ജുവിനെ നോക്കിക്കാണുന്നത്. പുതിയ സീസണില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

സഞ്ജുവും ധോണിയും. Photo: IPL/x.com

പുതിയ സീസണില്‍ സഞ്ജു സാംസണാകും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിക്കുന്നത്. ധോണി ഇംപാക്ട് പ്ലെയറായാകും കളത്തിലിറങ്ങുകയെന്നാണ് ചില ക്രിക്കറ്റ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ഈ റിപ്പോര്‍ട്ട് സത്യമെങ്കില്‍ സൂപ്പര്‍ കിങ്‌സില്‍ ഒരു യുഗാന്ത്യത്തിന് കൂടിയാകും ഐ.പി.എല്ലിന്റെ അടുത്ത സീസണ്‍ സാക്ഷ്യം വഹിക്കുക. ഐ.പി.എല്ലില്‍ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങിയപ്പോഴെല്ലാം തന്നെ വിക്കറ്റിന് പിന്നില്‍ ഗ്ലൗമാനായി ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നു. സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാകും ധോണിക്ക് പകരം സ്ഥിരമായി മറ്റൊരു താരം വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുന്നത്.

എം.എസ്. ധോണി. Photo: Chennai Super Kings/x.com

വിക്കറ്റിന് പിന്നില്‍ നിന്ന് ഗ്രൗണ്ടിലൊന്നാകെ കണ്ണെത്തുന്ന ധോണിയുടെ പകരക്കാരനാകാന്‍ സഞ്ജുവിന് സാധിക്കുമോ എന്ന ചോദ്യത്തിന് സംശയലേശമന്യേ അതെയെന്ന് ഉത്തരം നല്‍കാനാകും. തന്റെ മികവ് കൊണ്ട് സഞ്ജു അത് പലപ്പോഴായി തെളിയിച്ചതുമാണ്.

ഏറെ കാലമായി ഐ.പി.എല്ലില്‍ നിന്നും ധോണിയുടെ പടിയിറക്കത്തെ കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വരുമ്പോള്‍ അവയെല്ലാം നിഷേധിച്ചുകൊണ്ട് അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിലെത്തുന്ന ആരാധകരുടെ സ്വന്തം തല, താന്‍ വളര്‍ത്തിയ ടീമിനെ സഞ്ജുവിന്റെ കൈകളിലേല്‍പ്പിച്ച് പടിയിറങ്ങുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സഞ്ജുവും ധോണിയും. Photo: IPL/x.com

നിലവില്‍ ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു തന്നെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. താരം ഏറെ കാലമായി നേരിടുന്ന അവഗനകള്‍ക്ക് ഒടുവില്‍ അവസാനമാകുകയാണോ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ചോദിക്കുന്നത്.

ഐ.പി.എല്ലിലെ ആറാം കിരീടമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണില്‍ ലക്ഷ്യമിടുന്നത്. സഞ്ജു തന്റെ കരിയറിലെ രണ്ടാം കിരീടം മഞ്ഞക്കുപ്പായത്തില്‍ സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകരും ഉറച്ച് വിശ്വസിക്കുന്നത്.

ഐ.പി.എല്‍ 2026 – ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്

ബാറ്റര്‍മാര്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍.

ഓള്‍ റൗണ്ടര്‍മാര്‍: അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, അമന്‍ ഖാന്‍, സാക്രി ഫോള്‍ക്‌സ്, ശിവം ദുബെ.

വിക്കറ്റ് കീപ്പര്‍മാര്‍: എം.എസ്. ധോണി, സഞ്ജു സാംസണ്‍, ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ.

ബൗളര്‍മാര്‍: ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, ഗുര്‍ജാപ്‌നീത് സിങ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‌റി, രാഹുല്‍ ചഹര്‍.

Content Highlight: Reports says Sanju Samson will be Chennai Super Kings’ wicket keeper in IPL 2026

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more