മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ മുന്നേറ്റ താരം ആന്തണിയെ ലാലിഗ സൂപ്പര്‍ ടീം റയല്‍ ബെറ്റിസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആന്തണിയെ എസ്റ്റാഡിയോ ബെനിറ്റോ വില്ലമാരിനിലെത്തിക്കാന്‍ ടീം ശ്രമിക്കുന്നുണ്ടെങ്കിലും അതിന് വമ്പന്‍ തുക മുടക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു സീസണില്‍ കൂടി ആന്തണിയെ ടീമിനൊപ്പം ലോണില്‍ നിലനിര്‍ത്താനാണ് റയല്‍ ബെറ്റിസ് ആഗ്രഹിക്കുന്നത്. പെര്‍മെനന്റായി സൈന്‍ ചെയ്യുന്നതിന് മുമ്പ് താരത്തിന്റെ ട്രാന്‍സ്ഫര്‍ ഫീയുടെ ഒരു ഭാഗം നല്‍കാനും സ്പാനിഷ് ടീം തയ്യാറാണ്. ആന്തണിയും ഈ നീക്കത്തിനായി ആഗ്രഹിക്കുന്നുണ്ട്.
അതേസമയം, തങ്ങളുടെ ഭാവി പദ്ധതികളിലൊന്നും തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആന്തണിയെ പരിഗണിക്കുന്നില്ല. പരിശീലകന്‍ റൂബന്‍ അമോരിമിനും ആന്തണിയെ ഒപ്പം നിര്‍ത്തുന്നതില്‍ താത്പര്യമില്ല. ഇക്കാരണം കൊണ്ടുതന്നെ ബ്രസീലിയന്‍ വിങ്ങറെ വിട്ടുനല്‍കുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പ്രശ്‌നമുണ്ടാകില്ല.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ ലോണില്‍ റയല്‍ ബെറ്റിസിനായി വിട്ടുകൊടുത്തിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബെഞ്ചിലിരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ആന്തണിയെ മാനുവല്‍ പെലിഗ്രിനിയെന്ന മജീഷ്യന്‍ രാകിമിനുക്കിയെടുക്കുകയായിരുന്നു.
കളിക്കളത്തില്‍ ഗോളടിച്ചും അടിപ്പിച്ചും താരം മുന്നേറി. ബെറ്റിസിനായി കളിച്ച 26 മത്സരത്തില്‍ നിന്നും ഒമ്പത് ഗോളും അഞ്ച് അസിസ്റ്റുമാണ് ബെറ്റിസിനൊപ്പം ആന്തണി സ്വന്തമാക്കിയത്. ഇതിനൊപ്പം പകുതി തമാശയായും പകുതി കാര്യമായും ആരാധകര്‍ താരത്തിന് ഗോട്ട് സ്റ്റാറ്റസും സമ്മാനിച്ചിരുന്നു.
ആന്തണിയുടെ കൂടി കരുത്തിലാണ് റയല്‍ ബെറ്റിസ് യുവേഫ കോണ്‍ഫറന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ കിരീടപ്പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയോട് പരാജയപ്പെടാനായിരുന്നു സ്പാനിഷ് ടീമിന്റെ വധി.
ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ഇംഗ്ലീഷ് വമ്പന്‍മാരുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവ്.
മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ ഗോള്‍ വഴങ്ങിയ ചെല്‍സി 65ാം മിനിട്ടുവരെ പിന്നിട്ടുനില്‍ക്കുകയായിരുന്നു. അര്‍ജന്റൈന്‍ വണ്ടര്‍ കിഡ് എന്‍സോ ഫെര്‍ണാണ്ടസിലൂടെ ഒപ്പമെത്തിയ ചെല്‍സി, നിക്കോളാസ് ജാക്സണ്‍ (70′), ജേഡന്‍ സാഞ്ചോ (83′), മോയ്സെസ് കൈസാഡോ (90+1′) എന്നിവരിലൂടെ കിരീടത്തിലേക്ക് നടന്നുകയറി.
Content Highlight: Reports says Real Betis is keen to sign Antony