| Wednesday, 6th August 2025, 3:36 pm

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നിരാശയിലേക്ക് തള്ളിയിട്ട് രാജസ്ഥാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ സഞ്ജു സാംസണെ കൈവിടില്ലെന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റിന്റെ അടുത്ത സീസണിലും സഞ്ജു രാജസ്ഥാന്‍ റോയല്‍സിനൊപ്പം തന്നെ കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരത്തെ ട്രേഡിങ് വിന്‍ഡോയില്‍ വില്‍ക്കാനോ റിലീസ് ചെയ്യാനോ ഒരു തരത്തിലുമുള്ള പ്ലാനുമില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കുന്നത്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എം.എസ്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു യെല്ലോ ജേഴ്‌സിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സഞ്ജുവും റോയല്‍സും തയ്യാറാണെങ്കില്‍ സഞ്ജുവിനെ ടീമിലെത്തിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും പ്രതികരിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് മുംബൈ മിറര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജുവെന്നല്ല മറ്റൊരു താരത്തെയും ട്രേഡ് വിന്‍ഡോയിലൂടെ കൈവിട്ടുകളയാന്‍ ടീം ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരമാണ് സഞ്ജുവെന്നാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇക്കാരണം കൊണ്ടുതന്നെ സഞ്ജുവിനെ അടുത്ത സീസണിലും ടീമിനൊപ്പം കാണാന്‍ സാധിക്കും.

കഴിഞ്ഞ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. താരലേലത്തിലെ മോശം തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ മോശം പ്രകടനം വരെ തൊട്ടതെല്ലാം പൊള്ളിയതോടെയാണ് രാജസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഒപ്പം സഞ്ജുവിന്റെ പരിക്കും ടീമിന് വിനയായി.

പരിശീലകന്റെ റോളിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കുമാര്‍ സംഗക്കാര പടുത്തുയര്‍ത്തിയ ഒരു ടീമിനെ ദ്രാവിഡ് ഒന്നുമല്ലാതാക്കി മാറ്റി എന്നായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചത്.

പരിക്കിന്റെ പിടിയിലകപ്പെട്ട സഞ്ജു പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയറായി മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.

പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തി ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സഞ്ജുവിനെ വീണ്ടും പരിക്ക് വേട്ടയാടി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പുറത്തായത്. ശേഷം അനായാസം ജയിക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ താരങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട് പരാജയപ്പെടുമ്പോഴും തലകുനിച്ചുനില്‍ക്കാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്.

എന്നാല്‍ അടുത്ത സീസണില്‍ ഈ നിരാശ പുഞ്ചിരിയായി മാറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Reports says Rajasthan Royals will not release Sanju Samson

We use cookies to give you the best possible experience. Learn more