| Wednesday, 8th February 2023, 8:10 pm

മെസിയുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ കോച്ചിനെ ടീമിലെത്തിക്കാനൊരുങ്ങി പി.എസ്.ജി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയെ ടീമിലെത്തിക്കാന്‍ പദ്ധതികളുമായി ലീഗ് വണ്‍ വമ്പന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പെപ് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പി.എസ്.ജി പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്.

പെപ് ഉടന്‍ തന്നെ അവെയ്‌ലബിളാവുകയാണെങ്കില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ടീമിലെത്തിക്കാന്‍ പി.എസ്.ജിക്ക് താത്പര്യമുണ്ടെന്നാണ് പ്രമുഖ മാധ്യമമായ എല്‍ എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൗറിസിയോ പോച്ചെറ്റിനോക്ക് ടീമിന്റെ ചാര്‍ജുള്ളപ്പോള്‍ മുതല്‍ പെപ്പിനെ ടീമിലെത്തിക്കാന്‍ പി.എസ്.ജി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും സക്‌സസ്ഫുള്ളായ മാനേജര്‍മാരില്‍ ഒരാളാണ് പെപ് ഗ്വാര്‍ഡിയോള. പലപ്പോഴായി പല വമ്പന്‍ ക്ലബ്ബുകള്‍ പെപ്പിന്റെ ചിറകിലേറി കരീടം നേടിയിട്ടുണ്ട്. എഫ്. സി. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി എണ്ണം പറഞ്ഞ ക്ലബ്ബുകള്‍ പെപ്പിന്റെ കീഴില്‍ കളത്തിലിറങ്ങിയവരാണ്.

ബാഴ്‌സലോണയുടെ മാനേജരായിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി പെപ് പുലര്‍ത്തിയ ആത്മബന്ധവും മികച്ചതായിരുന്നു. മെസി ടീമിന്റെ ഭാഗമായിരിക്കെ തന്നെ പെപ്പിനെയും സ്വന്തമാക്കാന്‍ സാധിച്ചാല്‍ പാരീസ് ജയന്റ്‌സിനെ സംബന്ധിച്ച് അത് ലോട്ടറി തന്നെയായിരിക്കും.

പി.എസ്.ജിയുടെ നിലവിലെ പരിശീലകന്‍ ക്രിസ്റ്റോഫെ ഗാള്‍ട്ടിയറിന്റെ കീഴില്‍ ടീം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ പെപ് അവെയ്‌ലബിളാവുകയാണെങ്കില്‍ ടീം ഗാള്‍ട്ടിയറിന് മേലെ അദ്ദേഹത്തെ പ്രതിഷ്ഠിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പെപ് നിലവില്‍ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.

2009 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ നൂറിലധികം തവണ ലീഗിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് സിറ്റിക്കെതിരെ ഉയരുന്ന ആരോപണം. ഇത് ലീഗിലെ മറ്റ് ടീമുകള്‍ക്ക് മേല്‍ അണ്‍ഫെയര്‍ അഡ്വാന്റേജ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രീമിയര്‍ ലീഗിന് കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതിലും സിറ്റി പരാജയപ്പെട്ടുവെന്നും സ്പോണ്‍സര്‍ഷിപ്പിലും മറ്റ് വരുമാനങ്ങളിലും ടീം റെഗുലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.

പ്രമുഖ ഫുട്ബോള്‍ മാധ്യമമായ ഗോള്‍ അടക്കം നിരവധി വൃത്തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2009-2019 കാലഘട്ടത്തില്‍ സിറ്റി മാനേജര്‍ റോബെര്‍ട്ടോ മാന്‍സീനിക്ക് നല്‍കിയ പ്രതിഫലത്തിലും 2010-2016 കാലഘട്ടത്തില്‍ വിവിധ താരങ്ങള്‍ക്ക് നല്‍കിയ ശമ്പളക്കണക്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പെപ് ടീം വിട്ടേക്കാമെന്ന അഭ്യൂഹങ്ങളുയര്‍ന്നത്.

‘എനിക്കെന്തെങ്കിലും കുഴപ്പുമണ്ടെന്ന് തോന്നിയാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കുകയോ കരാര്‍ പുതുക്കാതിരിക്കുകയോ ചെയ്യും. ഫെര്‍ഗൂസനോ വെങ്ങറോ തുടര്‍ന്നതുപോലെ ഞാന്‍ ഒരിക്കലും ടീമില്‍ തുടരില്ല. എന്നെ സംബന്ധിച്ച് കരാര്‍ എന്നത് വെറും കടലാസ് കഷ്ണം മാത്രമാണ്.

എന്റെ കീഴില്‍ ടീമിന് ഇനിയും പലതും ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നതിനാല്‍ മാത്രം ഞാന്‍ കരാര്‍ നീട്ടി. അവസാനം എല്ലാം റിസള്‍ട്ടുകളെ മാത്രം ആശ്രയിച്ചാണ്. പരസ്പരം മടുത്തു എന്ന് തോന്നുകയാണെങ്കില്‍ കോണ്‍ട്രാക്ട് ഉണ്ടെന്നുള്ളതിനാല്‍ മാത്രം ഞാന്‍ ഇവിടെ തുടരില്ല,’ എന്നായിരുന്നു ഗ്വാര്‍ഡിയോള കഴിഞ്ഞ മാസം പറഞ്ഞിരുന്നത്.

Content Highlight: Reports says PSG trying to sign Pep Guardiola as coach

Latest Stories

We use cookies to give you the best possible experience. Learn more