| Saturday, 6th September 2025, 4:19 pm

ഉദ്ഘാടന ചടങ്ങിന് പോലും ഇന്ത്യയിലെത്തില്ല; ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി പാകിസ്ഥാന്‍. സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന പരിപാടികള്‍ക്ക് പാകിസ്ഥാന്‍ ക്യാപ്റ്റനോ മറ്റ് ഒഫീഷ്യല്‍സോ പങ്കെടുക്കില്ല എന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുവാഹത്തിയിലാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും പരസ്പരം കൊമ്പുകോര്‍ക്കും. മത്സരത്തിന് മുമ്പ് ശ്രേയ ഘോഷാലിന്റെ പാട്ടുകളടക്കമുള്ള പരിപാടികള്‍ സംഘാടകര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിട്ടുണ്ട്. ഈ ചടങ്ങാണ് പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടന ചടങ്ങിന് മാത്രമല്ല, ടൂര്‍ണമെന്റിലെ ഒറ്റ മത്സരം കളിക്കാനും പാകിസ്ഥാന്‍ ഇന്ത്യയിലെത്തില്ല. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കൊളംബോ അടക്കം അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ചിന്നസ്വാമി സ്റ്റേഡിയം (ബെംഗളൂരു), ബര്‍സാപര സ്റ്റേഡിയം (ഗുവാഹത്തി, അസം) എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയം (വിശാഖപട്ടണം), ഹോല്‍കര്‍ സ്റ്റേഡിയം (ഇന്‍ഡോര്‍) എന്നിവയാണ് ഇന്ത്യയിലെ വേദികള്‍.

ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ ടീമുകളും വിവിധ സ്റ്റേഡിയങ്ങളില്‍ കളിക്കുമ്പോള്‍ ഒറ്റ സ്‌റ്റേഡിയത്തില്‍ തന്നെ കളിക്കുന്നതിന്റെ എല്ലാ അഡ്വാന്റേജും പാകിസ്ഥാനുണ്ടാകും. ഈ അഡ്വാന്റേജ് ഫാത്തിമ സനയ്ക്കും സംഘത്തിനും എത്രകണ്ട് മുതലാക്കാന്‍ സാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകുന്നത്.

2025 ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി ഇന്ത്യ പാകിസ്ഥാനിലെത്തിയിരുന്നില്ല. ഫൈനല്‍ അടക്കമുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ദുബായ് ആണ് വേദിയായത്. സമാനമാണ് വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ ഇന്ത്യയിലേക്കില്ല എന്ന തീരുമാനവും.

പാകിസ്ഥാന്റെ പ്രകടനം അനുസരിച്ചാകും ഫൈനല്‍ അടക്കമുള്ള നോക്ക്ഔട്ട് മാച്ചുകളുടെ വേദികള്‍ തീരുമാനിക്കപ്പെടുക. അതായത് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കലാശപ്പോരാട്ടത്തിനും ശ്രീലങ്കയാകും വേദിയാവുക.

രണ്ട് സെമി ഫൈനലുകളില്‍ ഒന്നിന്റെ വേദി മാത്രമാണ് ഐ.സി.സി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. നവി മുംബൈ ആണ് ഒരു സെമി ഫൈനലിനുള്ള വേദി. പാകിസ്ഥാന്‍ സെമി പ്രവേശം മുന്‍നിര്‍ത്തിയായിരിക്കും രണ്ടാം സെമിക്കുള്ള വേദി തീരുമാനിക്കപ്പെടുക. പാകിസ്ഥാന്‍ സെമി കളിക്കുകയാണെങ്കില്‍ ഈ പോരാട്ടത്തിന് കൊളംബോയും അല്ലാത്ത പക്ഷം ഇന്ത്യയിലെ സ്റ്റേഡിയവും വേദിയാകും.

നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിന്റെ കാര്യവും സമാനമാണ്. പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിയാല്‍ കൊളംബോയിലും അല്ലാത്തപക്ഷം ഇന്ത്യന്‍ മണ്ണിലുമാകും 2025ലെ ലോക ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുക.

Content Highlight: Reports says Pakistan to boycott ICC Women’s World Cup opening ceremony in Guwahati

We use cookies to give you the best possible experience. Learn more