മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാൻ പുതിയ ഉടമകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ അധികം വൈകാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്. അധികം വൈകാതെ തന്നെ പുതിയ ഉടമകളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ഉടമകൾ വരുന്നതോടെ ടീമിന്റെ പ്രീ സീസൺ ഉടനെ ആരംഭിക്കും. ഏതെല്ലാം താരങ്ങളെ ടീമിലെത്തിക്കുമെന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2026-27 ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ 10നാണ് ആരംഭിക്കുന്നത്. ഒക്ടോബർ 10 മുതൽ ജനുവരി 17 വരെയുള്ള ആദ്യഘട്ട ഷെഡ്യൂളാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. സീസണിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയും സ്പോർട്ടിങ് ക്ലബ്ബ് ദൽഹിയുമാണ് ഏറ്റുമുട്ടുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ്. എതിരാളികളുടെ തട്ടകത്തിൽ വെച്ചായിരിക്കും കൊമ്പന്മാർ സീസണിലെ ആദ്യ മത്സരം കളിക്കുക. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബർ 25നാണ് നടക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് കേരളത്തിന്റെ എതിരാളികൾ.
ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.
ഐ.എസ്.എൽ 2026 കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഘട്ട ഷെഡ്യൂൾ
കേരള ബ്ലാസ്റ്റേഴ്സ് vs ഇന്റർകാശി – ഒക്ടോബർ 11 – എവേ
കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒക്ടോബർ 18 – ഹോം
കേരള ബ്ലാസ്റ്റേഴ്സ് vs മുംബൈ സിറ്റി എഫ്.സി – ഒക്ടോബർ 25 – ഹോം
കേരള ബ്ലാസ്റ്റേഴ്സ് vs ചെന്നൈയിൻ എഫ്.സി – ഒക്ടോബർ 31 – എവേ
കേരള ബ്ലാസ്റ്റേഴ്സ് vs എഫ്.സി ഗോവ – നവംബർ 29 – എവേ
കേരള ബ്ലാസ്റ്റേഴ്സ് vs ചർച്ചിൽ ബ്രദേഴ്സ് – ഡിസംബർ 6 – ഹോം
Content Highlight: Reports says new owners will take over Kerala Blasters