| Saturday, 30th August 2025, 8:33 am

കെ.ജി.എഫിനും സലാറിനും ഇനി മാറി നിൽക്കാം; നീൽ - എൻ.ടി.ആർ ചിത്രമൊരുങ്ങുന്നത് ബഡ്ജറ്റ് പരിമിതികളില്ലാതെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ പാൻ ഇന്ത്യൻ ലെവലിൽ ബ്രാൻഡായി മാറിയ സംവിധായകനാണ് പ്രശാന്ത് നീൽ. കന്നഡ ആക്ഷൻ-ത്രില്ലർ ചിത്രമായ ഉഗ്രം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നീലിന്റെ ബെഞ്ച് മാർക്കായ ചിത്രമാണ് കെ.ജി.എഫ്. കന്നഡ പോലൊരു ചെറിയ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് വന്ന് ഇന്ത്യയൊട്ടാകെ ആരാധകരെ ഉണ്ടാക്കാൻ കെ.ജി.എഫ് ഫ്രാഞ്ചൈസിക്കായി. കെ.ജി.എഫിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത സിനിമയായിരുന്നു സലാർ പാർട്ട് 1.

കെ.ജി.എഫ്, സലാർ എന്നീ പാൻ-ഇന്ത്യ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഇപ്പോൾ തന്റെ ഏറ്റവും വലിയ സിനിമയുടെ പണിപ്പുരയിലാണ്. ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് ആരാധകർ ‘എൻ.ടി.ആർ നീൽ‘ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രം ഒരുങ്ങുന്നത് നീലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സ്‌കെയിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

തന്റെ പുതിയ ചിത്രത്തിൽ നീൽ വളരെ സന്തുഷ്ടനാണെന്നും അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ട് ആണിതെന്നും നീലിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കെ‌.ജി‌.എഫ്, സലാർ എന്നീ ചിത്രങ്ങളേക്കാൾ വലുതാണ് നീലിന്റെ പുതിയ സിനിമയെന്നും അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മുതൽ മനസിലുള്ള കഥയാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ സിനിമയ്ക്ക് ബഡ്ജറ്റ് പരിമിതികൾ ഇല്ലെന്നും റിപ്പോർട്ടുണ്ട്.

ജൂനിയർ എൻ‌.ടി‌.ആർ നായകനായെത്തുന്ന ചിത്രത്തിന് ആദ്യം ഡ്രാഗൺ എന്നായിരിക്കും പേരിടുക എന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ആരും ഇക്കാര്യം സ്ഥിരീകരിച്ചില്ല. ചിത്രം അടുത്തവർഷം ജൂൺ 25 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രശാന്ത് നീൽ തന്റെ എക്സ് അക്കൗണ്ടിലൂടെ മുമ്പ് അറിയിച്ചിരുന്നു. ജൂനിയർ എൻ.ടി.ആറിന്റെ ജന്മദിനമായ മെയ് 20 ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അഭിനയിച്ച ബോളിവുഡ് ചിത്രം വാർ 2 വിന് വേണ്ടി അത് മാറ്റിവെക്കുകയിരുന്നു.

Content Highlight: Reports says Neil – NTR film being made without budget constraints

We use cookies to give you the best possible experience. Learn more