| Thursday, 17th April 2025, 5:48 pm

ഇതിഹാസത്തിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍! ലോകം അര്‍ജന്റീനയിലെ ആ സ്‌റ്റേഡിയത്തെ ഉറ്റുനോക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഒരിക്കലും നടക്കില്ല എന്ന് ഫുട്‌ബോള്‍ ആരാധകര്‍ ചിന്തിച്ച ആ കാര്യം സംഭവിക്കാനുള്ള സാധ്യതകളേറുകയാണ്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒരേ ടീമില്‍ പന്തുതട്ടുന്നു എന്ന അത്യപൂര്‍വമായ നിമിഷത്തിനാകും ഫുട്‌ബോള്‍ ലോകം സാക്ഷിയാവുക.

അര്‍ജന്റൈന്‍ ഇതിഹാസം കാര്‍ലോസ് ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഫുട്‌ബോള്‍ ഐക്കണുകള്‍ ഒരേ ടീമിന്റെ ഭാഗമാകാനുള്ള സാധ്യതകളാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങള്‍ ഒത്തുചേരുന്ന താരനിബിഡമായ വിടവാങ്ങല്‍ മത്സരമാണ് ടെവസിന്റെ മനസിലുള്ളത്. ഈ മാച്ചില്‍ തന്റെ രണ്ട് മുന്‍ സഹതാരങ്ങളെയും ഭാഗമാക്കാനാണ് ടെവസ് ഒരുങ്ങുന്നത്.

ഈ മത്സരം സംഘടിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഓള്‍ഗയിലൂടെ ടെവസ് വ്യക്തമാക്കി. എന്നാല്‍ മത്സരം എന്ന് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

‘ഞാനത് ചെയ്യാന്‍ പോകുന്നു, മിക്കവാറും അത് സംഭവിക്കും. എന്നാല്‍ എപ്പോള്‍ എന്ന് തീരുമാനിക്കേണ്ടതുണ്ട്,’ ടെവസ് പറഞ്ഞു.

View this post on Instagram

A post shared by OLGA (@olgaenvivo)

മെസിയും റൊണാള്‍ഡോയും എതിരാളികളായി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇരുവരെയും ഒന്നിച്ച് ഒരു ടീമില്‍ കളിപ്പിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നായിരുന്നു ടെവസിന്റെ മറുപടി.

‘നമ്മള്‍ അവരെ ഒരുമിച്ച് കൊണ്ടുവരും. ലിയോ ഉറപ്പായും വരും. എന്റെ കോണ്‍ടാക്ടുകളില്‍ റൊണാള്‍ഡോയെ സി.ആര്‍ 7 എന്ന പേരിലും മെസിയെ എല്‍ എനാനോ എന്ന പേരിലുമാണ് സേവ് ചെയ്തിരിക്കുന്നത്,’ ടെവസ് കൂട്ടച്ചേര്‍ത്തു.

ടെവസിന്റെ ഫെയര്‍വെല്‍ മാച്ച് ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങളുടെ ഒത്തുചേരലായി മാറുകയാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളായ റിയോ ഫെര്‍ഡിനന്റ്, നെമാന്‍ജ വിഡിച്ച്, ജോര്‍ജിയോ ചെല്ലിനി, ലിയനാര്‍ഡോ ബൊണൂച്ചി, പാട്രിസ് എവ്ര എന്നിവര്‍ക്കൊപ്പം ഗോള്‍കീപ്പിങ് മയിസ്‌ട്രോസായ ജിയാന്‍ലൂജി ബഫണ്‍, എഡ്വിന്‍ വാന്‍ ഡെര്‍ സാര്‍ എന്നിവരും കളത്തിലിറങ്ങാന്‍ സാധ്യതകളുണ്ട്.

മധ്യനിര അടക്കിഭരിച്ച അന്ദ്രേ പിര്‍ലോ, പോള്‍ സ്‌കോള്‍സ്, റിക്വില്‍മെ എന്നിവരെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ടെവസിന്റെ മുന്‍ സഹതാരമായ വെയ്ന്‍ റൂണിയും ഈ മത്സരത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസില്‍, ബോക്ക ജൂനിയേഴ്‌സിന്റെ തട്ടകമായ ലാ ബൊംബനാരയാകും ഈ മത്സരത്തിന് വേദിയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെവസ് തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത് ബോക്ക ജൂനിയേഴ്‌സിനൊപ്പമാണ്. നിലവില്‍ ടീമിന്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

Content Highlight:  Reports says Messi and Ronaldo to play on the same team in Carlos Tevez’s farewell match

Latest Stories

We use cookies to give you the best possible experience. Learn more