| Friday, 1st August 2025, 12:42 pm

ഫ്രഞ്ച് വിപ്ലവത്തിന് നെയ്മര്‍; കൈകോര്‍ക്കുന്നത് പി.എസ്.ജിയുടെ ബദ്ധശത്രുക്കള്‍ക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യന്‍ അധ്യായങ്ങളോട് വിടപറഞ്ഞ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലേക്ക് താരം മടങ്ങിവരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തന്റെ പഴയ ടീമായ പി.എസ്.ജിയിലേക്കല്ല, മറിച്ച് പാരീസ് സെന്റ് ജെര്‍മെയ്‌നിന്റെ ചിരവൈരികളായ മാഴ്‌സെയിലേക്കാണ് താരം തട്ടകം മാറ്റാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ ഓറഞ്ച് വെലോഡ്രോമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണിനാണ് നെയ്മര്‍ ആദ്യമായി ലിഗ് വണ്ണിന്റെ ഭാഗമാകുന്നത്. സൂപ്പര്‍ ക്ലബ്ബ് പി.എസ്.ജിയാണ് ബാഴ്‌സയില്‍ നിന്നും നെയ്മറിനെ ഫ്രഞ്ച് ഫുട്‌ബോളിന്റെ ഭാഗമാക്കിയത്.

പി.എസ്.ജിക്കൊപ്പം ലീഗ് കിരീടങ്ങളും ഡൊമസ്റ്റിക് കിരീടങ്ങളും നേടിയ നെയ്മര്‍ ശേഷം സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ഹിലാലില്‍ അത്രകണ്ട് മികച്ച നിമിഷങ്ങള്‍ നെയ്മറിനുണ്ടായിരുന്നില്ല. പരിക്കിന്റെ പിടിയലകപ്പെട്ട നെയ്മര്‍ വിരലിലെണ്ണാവുന്ന മാച്ചുകള്‍ മാത്രമാണ് നീല ജേഴ്‌സിയില്‍ കളിച്ചത്. ഹിലാല്‍ കരാര്‍ പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നാലെ നെയ്മര്‍ തന്റെ ബോയ്ഹുഡ് ക്ലബ്ബായ സാന്റോസിലേക്ക് മാറി.

ഇവിടെയും പരിക്ക് താരത്തെ വലയ്ക്കുന്നുണ്ട്. സീസണില്‍ 11 മത്സരങ്ങള്‍ നെയ്മറിന് ഇതിനോടകം തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. അതേസമയം സാന്റോസിനും ലീഗില്‍ തിളങ്ങാന്‍ സാധിക്കുന്നില്ല. പോയിന്റ് പട്ടികയില്‍ ടീം 17ാം സ്ഥാനത്താണ്. ഈ സാഹചര്യത്തിലാണ് നെയ്മര്‍ മാഴ്‌സലേയിലെക്കെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

ടി.വൈ.സി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് നെയ്മര്‍ യൂറോപ്പിലേക്ക് മാറാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി നെയ്മര്‍ പുതിയ വെല്ലുവിളി ഏറ്റെടുത്തേക്കാം.

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെ സ്വന്തമാക്കാന്‍ മാഴ്‌സെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും മേസണ്‍ ഗ്രീന്‍വുഡിനെ ഇതിനോടകം തന്നെ സ്വന്തമാക്കിയ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ നെയ്മറിനെയും ഓറഞ്ച് വെലോഡ്രോമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

നെയ്മറുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നെയ്മര്‍ ഫ്രഞ്ച് മണ്ണിലെത്തിയാല്‍ താരത്തിന് ചാമ്പ്യന്‍സ് ലീഗ് കളിക്കാനും അവസരമൊരുങ്ങും.

Content highlight: Reports says Marseille trying to sign Neymar 

We use cookies to give you the best possible experience. Learn more