| Tuesday, 17th November 2026, 7:50 am

ലോകകപ്പ് കളിച്ച 'ഇന്ത്യൻ നെയ്മർ' ബ്ലാസ്റ്റേഴ്സിൽ? വമ്പൻ നീക്കവുമായി കൊമ്പന്മാർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 13 സീസൺ പുരോഗമിക്കവേ ഇന്ത്യൻ യുവതാരം കോമൽ തട്ടാൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് സൂചന. പരിശീലനത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞദിവസം കൊച്ചിയിൽ വണ്ടർല അമ്യൂസ്മെന്റ് പാർക്കിൽ എത്തിയിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയിലാണ് കോമൽ തട്ടാലാണെന്ന് കരുതുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെയാണ് ഇന്ത്യൻ യുവതാരം ബ്ലാസ്റ്റേഴ്സിൽ എത്തിയെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ നിറഞ്ഞുനിന്നത്.

2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ കോമൽ തട്ടാൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുമോ എന്നാണ് മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ ഭാവി താരമെന്ന് വിശേഷണം ഉണ്ടായിരുന്ന കോമൽ ‘ഇന്ത്യൻ നെയ്മർ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. കളിക്കളത്തിലെ താരത്തിന്റെ ഡ്രിബ്ലിങ് സ്കില്ലുകൾക്ക് പിന്നാലെയാണ് കോമലിന് ഈ വിശേഷണം ആരാധകർ ചാർത്തി നൽകിയത്.

എന്നാൽ ഇന്ത്യൻ ഫുട്ബോളിൽ തന്റെ മികവ് തെളിയിക്കാൻ കോമലിന് സാധിക്കാതെ പോവുകയായിരുന്നു ജംഷഡ്പൂര് മോഹൻ ബഗാൻ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് ബൂട്ട് കെട്ടിയ താരത്തിന് പ്രതിഭ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ താരം കേരളത്തിന്റെ മണ്ണിൽ ഈ ട്രാൻസ്ഫറിന്റെ ഭാഗമായാണ് എത്തിയെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഈ സീസണിൽ ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഓരോ വീതം ജയവും തോൽവിയും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കൊമ്പന്മാർ തകർത്തത്.

എന്നാൽ പിന്നീട് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ 4-1ന്റെ വമ്പൻ തോൽവിയും ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങി. പിന്നീട് മുംബൈ സിറ്റി, ചെന്നൈയിൻ എഫ്.സി എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിയുകയും ചെയ്തു. നവംബർ 29ന് എഫ്.സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയുടെ തട്ടകമായ ഫട്ടോർഡയിലാണ് മത്സരം.

അതേസമയം പുതിയ ഉടമകൾക്ക് കീഴിലാണ് കൊമ്പൻമാർ ഈ സീസണിൽ കളത്തിലിറങ്ങിയത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.

Content Highlight: Reports says Kerala Blasters sign Komal Thattal

We use cookies to give you the best possible experience. Learn more