| Monday, 7th July 2025, 8:59 pm

നിക്കോ വില്യംസിന് പിന്നാലെ ബാഴ്‌സലോണയ്ക്ക് പണികൊടുക്കാന്‍ സാക്ഷാല്‍ ഹോസെ മൗറീന്യോ; പോരാട്ടം കളറാകും

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം മാര്‍കസ് റാഷ്‌ഫോര്‍ഡിനെ ടീമിലെത്തിക്കാന്‍ ഹോസോ മൗറീന്യോ കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടര്‍ക്കിഷ് ക്ലബ്ബ് ഫെര്‍ണബാഷിനായാണ് മൗറീന്യോ റാഷ്‌ഫോര്‍ഡിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

ഈ സീസണോടെ റാഷ്‌ഫോര്‍ഡ് ഓള്‍ഡ് ട്രാഫോര്‍ഡ് വിടാന്‍ സാധ്യതകളേറെയാണ്. ഈ സാഹചര്യത്തിലാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ തന്റെ പഴയ ശിഷ്യനെ ടര്‍ക്കിയിലേക്ക് പറിച്ചുനടാന്‍ ഒരുങ്ങുന്നത്.

ഹോസോ മൗറീന്യോ

ബാഴ്‌സ യൂണിവേഴ്‌സലിനെ ഉദ്ധരിച്ച് ഫാനടിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സമ്മറില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റാഷ്‌ഫോര്‍ഡിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024-25 സീസണിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ റാഷ്‌ഫോര്‍ഡിനെ ലോണില്‍ വിട്ടിരുന്നു. ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പമാണ് താരം പന്തുതട്ടിയത്.

അതേസമയം, താരത്തിന് ബാഴ്‌സയ്‌ക്കൊപ്പം ചേരാന്‍ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ഈ ഡീല്‍ മുമ്പോട്ട് പോയില്ല. എന്നാല്‍ നിക്കോ വില്യംസിനെ സൈന്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ബാഴ്‌സ റാഷ്‌ഫോര്‍ഡിനെ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് യുവതാരം നിക്കോ വില്യംസിനെ സ്വന്തമാക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കറ്റാലന്‍മാരെ നിരാശരാക്കിക്കൊണ്ട് താരം അത്‌ലറ്റിക്കോയുമായി പുതിയ കരാറിലെത്തുകയായിരുന്നു.

പുതിയ സീസണിന് മുന്നോടിയായി എതിരാളികളായ ഗളറ്റാസരേയ്ക്ക് ചെക്ക് വെക്കാനാണ് മൗറീന്യോ ഒരുങ്ങുന്നത്.

2025-26 സീസണിന് മുന്നോടിയായി അല്‍ നസറില്‍ നിന്നും ജോണ്‍ ഡുറാനെ സ്വന്തമാക്കിയാണ് ഫെര്‍ണബാഷ് സൂപ്പല്‍ ലീഗ് കിരീടം ലക്ഷ്യം വെക്കുന്നത്. ഇതിനൊപ്പം റാഷ്‌ഫോര്‍ഡിനെയും സ്വന്തമാക്കിയാല്‍ ടര്‍ക്കിഷ് ലീഗില്‍ ഫെര്‍ണബാഷ് കൂടുതല്‍ കരുത്തരാകും.

Content Highlight: Reports says Jose Mourinho pushing Fenerbahce to sign Barcelona-linked star Marcus Rashford this summer

We use cookies to give you the best possible experience. Learn more