| Sunday, 11th May 2025, 8:51 pm

കന്നിക്കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സിന് ഗംഭീര തിരിച്ചടി? എതിരാളകള്‍ക്ക് ആശ്വസിക്കാം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യങ്ങളൊഴിച്ച് ഐ.പി.എല്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡ് പരിക്കേറ്റ് പുറത്തേക്കെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരെ നിരാശരാക്കുന്നത്.

താരത്തിന്റെ വലതുതോളില്‍ ചെറിയ പരിക്കുണ്ടെന്നും താരം ടീമിലേക്ക് മടങ്ങിയെത്തുന്ന കാര്യം സംശയമാണെന്നും ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

താരത്തിന്റെ പരിക്ക് അത്രകണ്ട് ഗുരുതരമല്ലെന്നും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്താന്‍ സാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പ്രധാനിയാണ് ഹെയ്‌സല്‍വുഡ്. പത്ത് മത്സരത്തില്‍ നിന്നും 18 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാമനാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍. 17.27 ശരാശരിയിലും 12.27 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരത്തിന്റെ മികച്ച പ്രകടനം 33/4 ആണ്.

ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന് തിരിച്ചെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പ്ലേ ഓഫും ആദ്യ കിരീടവും സ്വപ്‌നം കാണുന്ന റോയല്‍ ചലഞ്ചേഴ്‌സിന് നല്‍കുന്ന തിരിച്ചടി വളരെ വലുതായിരിക്കും.

അതേസമയം, അടുത്ത ആഴ്ച ഐ.പി.എല്‍ മത്സരങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ സതേണ്‍ സ്റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണ് സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നടത്തുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എ. ചിദംബരം സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത്.

ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Content Highlight: Reports says Joh Hazelwood is doubtful of returning for remaining matches of IPL

We use cookies to give you the best possible experience. Learn more