ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന അത്യാധുനികമായ ഫൈബർ-ഓപ്റ്റിക് ഡ്രോണുകളെ പ്രതിരോധിക്കാൻ ഇസ്രഈൽ സൈന്യം കടുത്ത വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ടുകൾ.
ഈ ഡ്രോണുകളെ കണ്ടെത്തുന്നതിനും വെടിവച്ചിടുന്നതിനും നിലവിൽ കൃത്യമായ പരിഹാരമില്ലാത്തത് ഇസ്രഈലിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഫൈബർ-ഓപ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണെന്ന് ഇസ്രഈലി പൊതു പ്രക്ഷേപണ സ്ഥാപനമായ ‘കാൻ’ (KAN) റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഈ ഡ്രോണുകളെ പ്രതിരോധിക്കാൻ തങ്ങളാലാകുന്നതെല്ലാം ഇസ്രഈൽ ചെയ്യുന്നുണ്ട്.
ഡ്രോണുകളെ ട്രാക്ക് ചെയ്യുന്നതിനും തകർക്കുന്നതിനുമായി ഇസ്രഈൽ സൈന്യം തെക്കൻ ലെബനനിൽ പുതിയ സ്മാർട്ട് ടാർഗെറ്റിങ് സിസ്റ്റങ്ങൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, രാത്രികാലങ്ങളിൽ ചലിക്കുന്ന ലക്ഷ്യങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ ഇസ്രഈൽ തങ്ങളുടെ സൈനികർക്ക് നൂറുകണക്കിന് ഡാഗർ നൈറ്റ് വിഷൻ സ്കോപ്പുകളും വിതരണം ചെയ്തു.
ഏപ്രിൽ അവസാനത്തിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹിസ്ബുള്ളയുടെ മിസൈലുകളും ഡ്രോണുകളും രാജ്യത്തിന് മുന്നിലുള്ള രണ്ട് പ്രധാന ഭീഷണികളാണെന്ന് സമ്മതിച്ചിരുന്നു.
തുടർച്ചയായി ഹിസ്ബുള്ളയുടെ ഇത്തരം ഡ്രോണുകൾ ഇസ്രഈലിന്റെ സെെനിക വാഹനങ്ങളെയും സെെനികരെയും ലക്ഷ്യമിടുന്ന സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാൻ തന്നെയാണ് ഇസ്രഈൽ ശ്രമിക്കുന്നത്.
ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണങ്ങൾ തടയാൻ വിപുലമായ സജ്ജീകരണങ്ങൾ ഇസ്രായേൽ നടത്തുന്നുണ്ടെങ്കിലും, അവ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയാണ് ഇപ്പോൾ രാജ്യത്തിനുള്ളത്.
മാർച്ച് 2 മുതൽ ലെബനനിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 2,700ലധികം ആളുകൾ കൊല്ലപ്പെടുകയും 10 ലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഏപ്രിൽ 17 മുതൽ പ്രാബല്യത്തിലുള്ള വെടിനിർത്തൽ കരാർ മെയ് പകുതി വരെ നീട്ടിയിട്ടുണ്ടെങ്കിലും, ഇസ്രഈൽ സൈന്യം ലെബനനിൽ ദിവസേന ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ മെയ് 14-15 തീയതികളിൽ വാഷിങ്ടണിൽ നടക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
Content Highlight: Reports says Israeli army struggles to counter Hezbollah’s fiber-optic drones