അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഐ.പി.എല്‍ 2025 പൂര്‍ണമായും മാറ്റിവെക്കാനോ ഒഴിവാക്കാനോ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പ്രമുഖ കായികമാധ്യമമായ സ്‌പോര്‍ട്‌സ് തക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ സാഹചര്യങ്ങളടക്കം വിലയിരുത്താന്‍ ബി.സി.സി.ഐ അടിയന്തര യോഗം വിളിച്ചതായി സ്‌പോര്‍ട്‌സ് തക്കിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാഹചര്യം പ്രതികൂലമായാല്‍ ഐ.പി.എല്‍ റദ്ദാക്കുന്നതിലേക്ക് പോലും കാര്യങ്ങളെത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശ താരങ്ങളുടെ സുരക്ഷയും അവരെ സുരക്ഷിതമായി തിരിച്ചയക്കുന്നതുമായിരിക്കും അപെക്‌സ് ബോര്‍ഡിന്റെ പ്രധാന പരിഗണന.
അതേസമയം, ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയും സാഹചര്യം പ്രതികൂലമാവുകയും ചെയ്തതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.
സ്റ്റേഡിയത്തിലെ എല്ലാ ഫ്‌ളൈഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
ഹിമാചല്‍ പ്രദേശ് വിമാനത്താവളം അടച്ചതിനാല്‍ ധര്‍മശാലയില്‍ നിന്നും ദല്‍ഹിയിലേക്ക് ബി.സി.സി.ഐ ഒരു സ്‌പെഷ്യല്‍ ട്രെയ്ന്‍ ഏര്‍പ്പാട് ചെയ്യും. താരങ്ങളെയും സപ്പോര്‍ട്ടിങ് സ്‌റ്റോഫുകളെയും മുന്‍ഗണനാ ക്രമത്തില്‍ ദല്‍ഹിയിലെത്തിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Content Highlight: Reports says IPL 2025 likely to be postponed due to security reasons, BCCI calls for emergency meeting to ensure safety of foreign players.