| Sunday, 12th January 2025, 4:44 pm

ഇതുവരെ നിങ്ങളുടെ ആഗ്രഹം പോലെ കളിച്ചു, ഇനി അത് നടപ്പില്ല; താരങ്ങളോട് കടുപ്പിച്ച് ബി.സി.സി.ഐ, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കമുള്ള ഇന്ത്യയുടെ പ്രകടനം വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ബി.സി.സി.ഐ യോഗം മുംബൈയില്‍ ചേര്‍ന്നിരുന്നു.

പരിശീലകന്‍ ഗൗതം ഗംഭീര്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും അപെക്‌സ് ബോര്‍ഡിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനമടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

‘ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനത്തെ കുറിച്ച് വിശദമായ ചര്‍ച്ച തന്നെ നടന്നു. എവിടെയാണ് പാളിച്ചകള്‍ സംഭവിച്ചത്, എന്തെല്ലാം തിരുത്തലുകളാണ് വരുത്തേണ്ടത് എന്നതെല്ലാം ചര്‍ച്ചയായി. എന്നാല്‍ തിടുക്കത്തില്‍ ഒരു തീരുമാനവുമുണ്ടാകുമെന്ന് കരുതരുത്,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനൊപ്പം തന്നെ താരങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഒരു പരമ്പരയില്‍ കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സാധിക്കില്ലെന്നും ഏതെങ്കിലും കാരണവശാല്‍ മത്സരം ഒഴിവാക്കുന്നുണ്ടെങ്കില്‍ തക്കതായ കാരണം കാണിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിനൊപ്പം താരങ്ങള്‍ ആഭ്യന്തര തലത്തില്‍ സജീവമാകണമെന്ന നിലപാട് അപെക്‌സ് ബോര്‍ഡ് നേരത്തെ തന്നെ സ്വീകരിച്ചിരുന്നു, പ്രത്യേകിച്ചും റെഡ് ബോള്‍ ഫോര്‍മാറ്റില്‍.

രഞ്ജി ട്രോഫി 2024-25ന്റെ രണ്ടാം ഘട്ടം ജനുവരി 23ന് തുടങ്ങാനിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും പിന്നാലെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഉള്ളതിനാല്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ അട്ടര്‍ ഫ്‌ളോപ്പായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രഞ്ജി കളിക്കാന്‍ സാധ്യതയില്ല.

അതേസമയം, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇനി ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം.

ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ഉടന്‍ തന്നെ ഇന്ത്യ പ്രഖ്യാപിച്ചേക്കും. ഇതേ സ്‌ക്വാഡ് തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ പ്രതിനിധീകരിക്കുക.

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര

ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്

രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം

മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം

Content Highlight: Reports says Indian Players ‘Won’t Be Allowed To Pick And Choose’ Bilateral Assignments

We use cookies to give you the best possible experience. Learn more