ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി വനിതാ ലോകകപ്പിനുള്ള സ്‌ക്വാഡ് നാളെ (ചൊവ്വ) പ്രഖ്യാപിച്ചേക്കും. ക്രിക്കറ്റ് അഡിക്ടറടക്കമുള്ള കായിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം മണ്ണില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ആരൊക്കയുണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.
ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ തന്നെയാകും ഇന്ത്യയിറങ്ങുക. സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഹര്‍ലീന്‍ ഡിയോള്‍ തുടങ്ങിയവരടങ്ങുന്ന ശക്തമായ നിര തന്നെയാകും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ കച്ച മുറുക്കുന്നത്.
ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. തങ്ങളുടെ ഏഴാം കിരീടമാണ് 2022ല്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ 30നാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ രണ്ട് ആതിഥേയ രാജ്യങ്ങളുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ഒക്ടോബര്‍ ഒന്നിന് ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.
അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ചിന്നസ്വാമി സ്റ്റേഡിയം (ബെംഗളൂരു), ബര്‍സാപര സ്റ്റേഡിയം (ഗുവാഹത്തി, അസം) എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയം (വിശാഖപട്ടണം), ഹോല്‍കര്‍ സ്‌റ്റേഡിയം (ഇന്‍ഡോര്‍) എന്നിവയാണ് ഇന്ത്യയിലെ വേദികള്‍. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് അഞ്ചാം വേദി. പാകിസ്ഥാന്റെ മത്സരങ്ങളാണ് ഇവിടെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകുന്നത്.
പാകിസ്ഥാന്റെ പ്രകടനം അനുസരിച്ചാകും ഫൈനല്‍ അടക്കമുള്ള നോക്ക്ഔട്ട് മാച്ചുകളുടെ വേദികള്‍ തീരുമാനിക്കപ്പെടുക. അതായത് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കലാശപ്പോരാട്ടത്തിനും ശ്രീലങ്കയാകും വേദിയാവുക.
നിലവില്‍ രണ്ട് സെമി ഫൈനലിനും ഫൈനലിനുമുള്ള വേദികളും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഒരു സെമി ഫൈനലിന് ആതിഥേയത്വം വഹിക്കുക. ഗുവാഹത്തിയിലോ കൊളംബോയിലെ ആകും മറ്റൊരു സെമി ഫൈനല്‍ മത്സരം നടക്കുക. പാകിസ്ഥാന്‍ സെമിയിലെത്തുകയാണെങ്കില്‍ കൊളംബോയിലും അല്ലെങ്കില്‍ ഗുവാഹത്തിയിലും മത്സരം അരങ്ങേറും.
നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിന്റെ കാര്യവും സമാനമാണ്. പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിയാല്‍ കൊളംബോയിലും അല്ലാത്തപക്ഷം ചിന്നസ്വാമി സ്റ്റേഡിയത്തിലാകും 2025ലെ ലോക ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുക.
ഒരു വേദിയില്‍ തന്നെ കളിക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും അത് പാകിസ്ഥാന്‍ ടീമിന് എത്ര കണ്ട് മുതലാക്കാന്‍ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Reports says India will announce squad foe ICC Women’s World Cup tomorrow