ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണെ ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്താനുള്ള സാധ്യതയേറുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ചെപ്പോക്കിലെത്തിക്കുന്നത്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ഉദ്ധരിച്ച് കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ രവീന്ദ്ര ജഡേജയെയും ഡെവാള്‍ഡ് ബ്രെവിസിനെയുമാണ് സഞ്ജുവിന് പകരമായി രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടത്. നവംബര്‍ 15ന് മുമ്പായി ടീമുകള്‍ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് അപെക്‌സ് ബോര്‍ഡിന് കൈമാറണമെന്നിരിക്കവെയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജുവിനെ വിട്ടുനല്‍കുന്നതില്‍ സൂപ്പര്‍ കിങ്‌സിന് തടസമൊന്നുമില്ലെന്നും എന്നാല്‍ ഡെവാള്‍ഡ് ബ്രെവിസിനെ നല്‍കാന്‍ സാധിക്കില്ലെന്നും ടീം നിലപാടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരി വെക്കുന്നതാണ് ജഡേജയ്‌ക്കൊപ്പം സാം കറനെ ട്രേഡിങ് മിക്‌സിലേക്ക് കൊണ്ടുവന്ന ടീമിന്റെ തീരുമാനം.
സഞ്ജുവിനെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ടീം പങ്കുവെച്ച റീലും ഇത് അടിവരയിടുന്നതാണ്.
തമിഴ് നടന്‍ രജനികാന്തിന്റെ വേട്ടയ്യന്‍ സിനിമയിലെ ‘ചേട്ടന്‍ വന്നല്ലേ, സേട്ടാ ചെയ്യാന്‍ വന്നല്ലേ, പേട്ട തുള്ളാന്‍ വന്നല്ലേ, വേട്ടയ്യന്‍ അല്ലേ,’ എന്ന വരികളോടെയാണ് റീല്‍ തുടങ്ങുന്നത്. ഈ ഫോണ്‍ കാള്‍ വന്നതോടെ ലിയോ സി.ഇ.ഒ കാശി വിശ്വനാഥിന് അടുത്തെത്തുമ്പോള്‍ ട്രേഡ് റൂമോര്‍സ് അല്ലെ എന്ന ചോദിച്ച് ഫോണ്‍ എടുത്ത് കാണിക്കുന്നു.
സ്‌ക്രീനില്‍ തന്നെയും പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റയുമുള്ള ഒരു ട്രേഡ് റൂമര്‍ പോസ്റ്റ് കാണിച്ച് എന്നെയും ട്രേഡ് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. പിന്നാലെ, ഡിസ്‌ക്ലെയ്‌മെര്‍ എന്ന് കാണിച്ച് ഔദ്യോഗിക അറിയിപ്പുകളാക്കായി കാത്തിരിക്കാനാണ് സി.എസ്.കെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘ചേട്ടന്‍’ എന്നാണ് സഞ്ജുവിനെ താരങ്ങളെല്ലാം പൊതുവെ വിളിക്കാറുള്ളത്. അതുകൊണ്ട് തന്നെ പുതിയ സീസണിനുള്ള ട്രെയ്‌ലറായാണ് ആരാധകര്‍ കണ്ടത്.
ചെന്നൈയ്ക്ക് പുറമെ, സഞ്ജുവിന്റെ കാര്യത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുമായി ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെ സംബന്ധിച്ച് ഇതൊരു ഹോം കമിങ് കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് താരം ആദ്യമായി ഐ.പി.എല്‍ കളിച്ചത്.
ആദ്യ സീസണില്‍ രാജസ്ഥാന്‍ കപ്പുയര്‍ത്തിയപ്പോള്‍ അന്നത്തെ 19കാരന്‍ രവീന്ദ്ര ജഡജേയും സ്‌ക്വാഡിലുണ്ടായിരുന്നു. അടുത്ത സീസണിലും താരം രാജസ്ഥാന്റെ നില ജേഴ്‌സിയില്‍ തന്നെയാണ് കളത്തിലിറങ്ങിയത്.
2011ല്‍ കൊച്ചി ടസ്‌കേഴ്‌സിന്റെ താരമായ ജഡ്ഡു 2012ലാണ് സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകുന്നത്. അന്നുമുതലിന്നുവരെ, സൂപ്പര്‍ കിങ്‌സിന് വിലക്ക് ലഭിച്ച് രണ്ട് സീസണുകളിലൊഴികെ താകരം ടീമിനൊപ്പമുണ്ടായിരുന്നു. സൂപ്പര്‍ കിങ്‌സിനൊപ്പം നാല് കിരീടവും താരം സ്വന്തമാക്കി.
Content Highlight: Reports says Chennai Super Kings to trade Ravindra Jadeja and Sam Curran for Sanju Samson