| Friday, 9th May 2025, 10:15 pm

രണ്ട് ഫൈനലുകളില്‍ കണ്ണുനീര്‍ വീണ ആ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2027 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് വേദിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ബി.സി.സി.ഐ. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം പതിപ്പായ 2025-27 സൈക്കിളിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകാനായി ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും ഇക്കാര്യം ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം സിംബാബ്‌വേയില്‍ നടന്ന ഐ.സി.സി മീറ്റിങ്ങിലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് വേദിയാകാന്‍ ബി.സി.സി.ഐ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ രണ്ട് ഫൈനലിനും ഈ വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം പതിപ്പിന്റെ കിരീടപ്പോരാട്ടത്തിനും ഇംഗ്ലണ്ടാണ് വേദിയായത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പതിപ്പായ 2019-21ന് സതാംപ്ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയമാണ് ഫൈനലിന് വേദിയായത്. അന്ന് കൈല്‍ ജാമൈസണിന്റെ കരുത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കെയ്ന്‍ വില്യംസണിന്റെ ന്യൂസിലാന്‍ഡ് കിരീടമണിഞ്ഞിരുന്നു.

ഇന്ത്യ പരാജയം രുചിച്ച ടൂര്‍ണമെന്റിന്റെ രണ്ടാം ഫൈനലിന് ലണ്ടനിലെ ഓവലാണ് വേദിയായത്. മത്സരത്തില്‍ ട്രാവിസ് ഹെഡിന്റെ കരുത്തില്‍ പാറ്റ് കമ്മിന്‍സും സംഘവും വിജയികളായി. ഇതോടെ ഐ.സി.സിയുടെ എല്ലാ കിരീടങ്ങളും നേടുന്ന ആദ്യ പുരുഷ ടീം, ഏക പുരുഷ ടീം എന്നീ നേട്ടങ്ങളിലെത്താനും കങ്കാരുക്കള്‍ക്കായി.

ഒരുപക്ഷേ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ റെക്കോഡുകളും രോഹിത്തിന്റെ പടായാളികളുടെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ വര്‍ഷം നടക്കുന്ന മൂന്നാം പതിപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്. കിരീടം നിലനിര്‍ത്താനുറച്ച് പാറ്റ് കമ്മിന്‍സും സംഘവുമിറങ്ങുമ്പോള്‍ ഈ നൂറ്റാണ്ടിലെ ആദ്യ ഐ.സി.സി കിരീടമാണ് തെംബ ബാവുമയുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന സൗത്ത് ആഫ്രിക്ക ലക്ഷ്യമിടുന്നത്.

അതേസമയം, ഇന്ത്യയുടെ ആവശ്യം ഐ.സി.സി അംഗീകരിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് പുറത്ത് നടക്കുന്ന ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലായും 2027ലെ കിരീടപ്പോരാട്ടം മാറും.

Content Highlight: Reports says BCCI expresses interest in hosting the final of the 2027 World Test Championship

We use cookies to give you the best possible experience. Learn more