| Thursday, 15th May 2025, 11:04 am

ബാഴ്‌സലോണ താരങ്ങള്‍ക്കിത് വമ്പന്‍ ലോട്ടറി; ഒറ്റ മത്സരം ജയിച്ചാല്‍ ടീമിലെ എല്ലാവര്‍ക്കും ഒരു മില്യണ്‍ വരെ, കാരണം ആ മത്സരം...

സ്പോര്‍ട്സ് ഡെസ്‌ക്

ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ സ്വപ്‌നതുല്യമായ കുതിപ്പാണ് ബാഴ്‌സലോണ നടത്തുന്നത്. ടീമിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് കറ്റാലന്‍മാര്‍ പുറത്തെടുക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും കോപ്പ ഡെല്‍ റേ അടക്കം ഡബിള്‍ കിരീടമാണ് ടീം ലക്ഷ്യം വെക്കുന്നത്.

നിലവില്‍ ലാ ലിഗ കിരീടത്തിന് തൊട്ടടുത്താണ് ബാഴ്‌സലോണ. 35 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 26 ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമായി 82 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കറ്റാലന്‍മാര്‍. 36 മത്സരത്തില്‍ നിന്നും 78 പോയിന്റാണ് രണ്ടാമതുള്ള റയലിനുള്ളത്.

മെയ് 18ന് പുലര്‍ച്ചെ ഒരു മണിക്കാണ് ബാഴ്സ അടുത്ത മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്തുള്ള എസ്പാന്യോളാണ് എതിരാളികള്‍. എസ്പാന്യോളിന്റെ തട്ടകമായ ആര്‍.സി.ഡി.ഇ സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ രണ്ട് മത്സരം ശേഷിക്കെ ബാഴ്‌സ കിരീടമണിയും.

എസ്പാന്യോളിനെതിരെ വിജയിച്ചാല്‍ ബാഴ്‌സലോണയ്ക്ക് 85 പോയിന്റാകും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ റയലിന് 84 പോയിന്റ് മാത്രമേ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ലീഗ് കിരീടം നേടുന്നതിനൊപ്പം ക്ലബ്ബ് നല്‍കുന്ന ബോണസും ടീമിന് ലഭിക്കും. എ.എസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച കോപ്പ ഡെല്‍ റേ കിരീടനേട്ടത്തിന് പിന്നാലെ ടീമിലെ എല്ലാ താരങ്ങള്‍ക്കും ബോണസ് നല്‍കാമെന്ന് പ്രസിഡന്റ് ജോവാന്‍ ലപ്പോര്‍ട്ട സമ്മതിച്ചിട്ടുണ്ട്. ഒരോ താരത്തിന് ഒരു മില്യണ്‍ യൂറോ വരെ ബോണസായി ലഭിക്കും.

എന്നാല്‍ മറ്റൊരു ട്രോഫി കൂടി നേടിയാല്‍ മാത്രമേ കോപ്പ ഡെല്‍ റേ ബോണസ് ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലീഗ് കിരീടത്തിന് തൊട്ടടുത്തെത്തിയതിനാല്‍ തന്നെ ഈ ബോണസ് താരങ്ങള്‍ക്ക് ലഭിച്ചേക്കും.

തങ്ങളുടെ ചരിത്രത്തിലെ 28ാം ലാലിഗ കിരീടം നേടിക്കൊണ്ട് ഈ ബോണസും സ്വന്തമാക്കാനാണ് ബാഴ്‌സ താരങ്ങള്‍ ഒരുങ്ങുന്നത്.

നേരത്തെയും ബാഴ്‌സലോണ ഇത്തരത്തില്‍ താരങ്ങള്‍ക്ക് ബോണസ് നല്‍കിയിരുന്നു. 2019ലെ കിരീട നേട്ടത്തിന് പിന്നാലെ 80 മില്യണിലധികമാണ് ബാഴ്‌സ ബോണസിനായി ചെലവഴിച്ചത്. ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 82.1 മില്യണ്‍ പൗണ്ടാണ് ബാഴ്‌സ ഇത്തരത്തില്‍ ബോണസായി നല്‍കിയത്. 2018നെ അപേക്ഷിച്ച് ഇത് 1.8 മില്യണ്‍ കുറവായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Reports says Barcelona players set to receive big bonus if they win LaLiga this season

We use cookies to give you the best possible experience. Learn more