| Thursday, 15th May 2025, 8:01 am

ബാഴ്‌സയില്‍ മെസിയുടെ പിന്‍ഗാമിയെത്തുന്നു, അതും അര്‍ജന്റീനയില്‍ നിന്ന് തന്നെ; ലെവന്‍ഡോസ്‌കിക്ക് പകരം ഇവനെ ടീമിലെത്തിക്കാന്‍ കറ്റാലന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരവും ലോകകപ്പ് ജേതാവുമായ ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിക്കാന്‍ എഫ്.സി. ബാഴ്‌സലോണ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കറ്റാലന്‍മാരുടെ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കരിയറിന്റെ അവസാന കാലങ്ങളിലേക്ക് കടക്കുന്നതിനാല്‍ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമായാണ് ജോവാന്‍ ലപ്പോര്‍ട്ട താരത്തെ കണ്ണുവെക്കുന്നത്.

നിലവില്‍ ലാലിഗയില്‍ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് അല്‍വാരസ് കളിക്കുന്നത്. യുവതാരമായ അല്‍വാരസിന്റെ മുന്നേറ്റത്തിലെ മികവും ഗോളടിക്കാനുള്ള കഴിവും തന്നെയാണ് താരത്തെ ബാഴ്‌സയുടെ ഫേവറിറ്റാക്കുന്നത്.

ക്ലബ്ബ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലേക്കുള്ള ലപ്പോര്‍ട്ടയുടെ ഇലക്ഷന്‍ തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അല്‍വാരസിനെ പോലെ വമ്പന്‍ താരങ്ങളുടെ സൈനിങ് അദ്ദേഹത്തിന്റെ ക്യാമ്പെയ്‌നുകള്‍ക്കും ഗുണം ചെയ്യും. ബാഴ്‌സയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇത്തരം ഹൈ പ്രൊഫൈല്‍ താരങ്ങളുടെ പേരുകള്‍ ക്യാമ്പെയ്‌നിന് ഉപയോഗിക്കുന്നത് ഇതാദ്യമല്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

അത്‌ലറ്റിക്കോയുടെ സ്റ്റാര്‍ പ്ലെയറായ അല്‍വാരസിനെ വിട്ടുകിട്ടണമെങ്കില്‍ ടീം 150 മില്യണിന്റെ കരാറായിരിക്കും മുമ്പോട്ട് വെക്കുക.

ലാമിന്‍ യമാല്‍, പെഡ്രി, ക്യുബാര്‍സി എന്നിവരടങ്ങുന്ന ബാഴ്‌സയുടെ യുവനിരയിലേക്കാണ് ലപ്പോര്‍ട്ടയും ഹാന്‍സി ഫ്‌ളിക്കും അല്‍വാരസിനെ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. എന്നാല്‍ 2026ലായിരിക്കും ഈ നീക്കത്തിന് സാധ്യത. എന്നാല്‍ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുകയാണെങ്കിലും തന്ത്രങ്ങളുടെ ഭാഗമായും താരത്തെ ഇതിന് മുമ്പ് തന്നെ ടീമിലെത്തിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സൈനിങ് സംഭവിച്ചാല്‍ മറഡോണക്കും മെസിക്കും ശേഷം ബാഴ്‌സ ജേഴ്‌സിയണിയുന്ന ചുരുക്കം അര്‍ജന്റൈന്‍ താരങ്ങളില്‍ ഒരാളായും അല്‍വാരസ് മാറും.

ഈ സീസണിലിതുവരെ കളിച്ച 51 മത്സരത്തില്‍ നിന്നും 27 ഗോളും അഞ്ച് അസിസ്റ്റുമായി 32 ഗോള്‍ കോണ്‍ട്രിബ്യൂഷനുകളാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തിന്റെ പേരിലുള്ളത്. ലാലിഗയിലെ 34 മത്സരത്തില്‍ നിന്നും 15 ഗോള്‍ നേടിയ താരം ചാമ്പ്യന്‍സ് ലീഗിലെ പത്ത് മാച്ചില്‍ നിന്ന് ഏഴ് ഗോളും കോപ്പ ഡെല്‍ റേയില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ഗോളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ലാലിഗ കിരീടത്തിലേക്ക് കുതിക്കുകയാണ് ബാഴ്‌സലോണ. 35 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 26 ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമായി 82 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കറ്റാലന്‍മാര്‍. 36 മത്സരത്തില്‍ നിന്നും 78 പോയിന്റാണ് രണ്ടാമതുള്ള റയലിനുള്ളത്.

മെയ് 18ന് പുലര്‍ച്ചെ ഒരു മണിക്കാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്തുള്ള എസ്പാന്യോളാണ് എതിരാളികള്‍. എസ്പാന്യോളിന്റെ തട്ടകമായ ആര്‍.സി.ഡി.ഇ സ്‌റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ കിരീടമുറപ്പിക്കാന്‍ കറ്റാലന്‍മാര്‍ക്കാകും.

Content Highlight: Reports says Barcelona is trying to sign Julian Alvarez

We use cookies to give you the best possible experience. Learn more