| Thursday, 19th February 2026, 12:41 pm

തലൈവര്‍ക്കൊപ്പവും തലക്കൊപ്പവും, എല്ലാവര്‍ക്കും മോഹന്‍ലാലിനെ മതി; എ.കെ 64 ല്‍ അജിത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയെ അടക്കിവാഴുന്ന താരമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടോളമായി പകരം വെക്കാനാളില്ലാതെ കേരള ബോക്‌സ് ഓഫീസ് അടക്കിവാഴുന്ന താരം പ്രായഭേദമന്യേ മലയാളി പ്രേക്ഷകരുടെ ഹരമാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കേരള ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവായിരുന്നു 2025 ല്‍ മോഹന്‍ലാല്‍ നടത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തരുണ്‍ മൂര്‍ത്തിയുടെ തുടരും, ഫീല്‍ ഗുഡ് ചിത്രം ഹൃദയപൂര്‍വ്വം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയാണ് താരം താനെങ്ങും പോയിട്ടില്ല എന്ന് അടിവരയിട്ടത്.

ഇപ്പോഴിതാ തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള തല എന്നറിയപ്പെടുന്ന അജിത് കുമാറിന്റെ അടുത്ത പടത്തില്‍ മോഹന്‍ലാലുമുണ്ടെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം അജിത്തിനെ തന്നെ നായകനാക്കി അദ്വിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

മോഹന്‍ലാല്‍. Photo: MalayalamReview/ x.com

എന്നാല്‍ താരവുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരാറിലെത്തിയെന്നും ഈയാഴ്ച്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരണം പുറത്തുവരുമെന്നുമാണ് എക്‌സിലെ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയില്‍ നിന്നും തത്കാലം അവധിയെടുത്ത് ദുബായ് ഓട്ടോഡ്രോമില്‍ സ്വന്തമായി റേസിങ് ടീമുണ്ടാക്കി മത്സരത്തില്‍ പങ്കെടുക്കുകയാണ് അജിത് കുമാറിപ്പോള്‍. താരത്തിന്റെ റേസിങുമായി ബന്ധപ്പെട്ട ഫോട്ടോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തതോടെ ഉടന്‍ അഭിനയത്തിലേക്ക് തിരിച്ചുവരണമെന്ന് ആരാധകരുടെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

അതേസമയം വലിയ ലൈനപ്പാണ് മോഹന്‍ലാലിനായി കാത്തിരിക്കുന്നത്. കാമിയോ റോളുകളിലും നായകവേഷങ്ങളിലുമായി മലയാളത്തിലും തമിഴിലും ഒട്ടനവധി ചിത്രങ്ങളാണ് 2026 ല്‍ പുറത്തിറങ്ങാനുള്ളത്. ഇതില്‍ വമ്പന്‍ ഹൈപ്പിലൊരുങ്ങുന്നത് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന രജിനികാന്തിന്റെ ജയിലര്‍ 2വാണ്. ഇന്ത്യന്‍ സിനിമയിലെ അതികായനായ ഷാരൂഖ് ഖാനടക്കം ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഗുഡ് ബാഡ് അഗ്ലി. Photo: Deccan chrronicle

ഇതിന് പുറമെ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L366 വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന L367 വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തുവരാനിരിക്കുന്നത്. L366 ന് വേണ്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ താടിവടിച്ച ലുക്ക് മലയാളികള്‍ വലിയ രീതിയില്‍ ആഘോഷമാക്കിയിരുന്നു.

Content Highlight: Reports sayings Mohanlal to be part of Ajith Kumar’s new movie AK64

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more