പാട്‌ന: ബീഹാറിലെ പുതിയ സര്‍ക്കാരില്‍ ബി.ജെ.പിക്ക് കൂടുതല്‍ മന്ത്രിമാരെന്ന് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ ഉപമുഖ്യമന്ത്രി പദവിയടക്കം കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കും. കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളതിനാല്‍ 15 മന്ത്രിമാര്‍ ബി.ജെ.പിക്ക് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനമടക്കം 14 മന്ത്രിപദവികളാകും ജെ.ഡി.യുവിന് ലഭിക്കുക.
കൂടുതല്‍ എം.എല്‍.എകള്‍ ഉള്ളതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യമുന്നയിച്ചെങ്കിലും അമിത് ഷാ ഇടപെട്ട് വിട്ടുവീഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ബി.ജെ.പി തയ്യാറായേക്കില്ല.
ആറ് എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന നിലയില്‍ മന്ത്രിസ്ഥാനം വീതം വെക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. മന്ത്രിസഭയില്‍ സഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍.എല്‍.എം), ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച സെക്കുലര്‍ (എച്ച്.എ.എം (എസ്)) എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാര്‍ട്ടി – രാം വിലാസി (എല്‍.ജെ.പി (ആര്‍.വി))ന് മൂന്ന് മന്ത്രിസ്ഥാനവും ലഭിക്കും.
ശേഷിക്കുന്ന 30-31 മന്ത്രിസ്ഥാനങ്ങള്‍ ജെ.ഡി.യുവും ബി.ജെപിയും ചേര്‍ന്ന് പങ്കിടുമെന്നും പേര് വെളിപ്പെടുത്താത്ത ബി.ജെ.പി നേതാവ് പറഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായി ഒരു നിയമസഭയുടെ അംഗബലത്തിന്റെ 15% വരെയാണ് പരമാവധി ക്യാബിനെറ്റ് ബെര്‍ത്തുകള്‍ അനുവദിക്കുക. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 36 മന്ത്രിമാര്‍ വരെ ഉണ്ടാകാം.
സഖ്യകക്ഷികള്‍ക്കിടയില്‍ മന്ത്രിസ്ഥാനം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ജെ.ഡി.യു നേതാവ് പറഞ്ഞു.
‘മന്ത്രിസഭയുടെ രൂപരേഖ ഞങ്ങള്‍ അന്തിമമാക്കുകയാണ്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും അടങ്ങുന്നതായിരിക്കും പുതിയ മന്ത്രിസഭ. സ്പീക്കര്‍ തെരഞ്ഞെടുപ്പും പ്രധാനമായിരിക്കും. മുന്‍ കാലങ്ങളിലെന്ന പോലെ ആ സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്,’ അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടി ഒരിക്കലും മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെടുകയോ സഖ്യത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും എച്ച്.എ.എം (എസ്) സ്ഥാപകനും കേന്ദ്രമന്ത്രിയുമായ ജിതിന്‍ റാം മഞ്ചി പറഞ്ഞു. മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വൈകാതെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍.എല്‍.എം മുതിര്‍ന്ന നേതാവ് ഉപേന്ദ്ര കുശ്വാഹയും വ്യക്തമാക്കി.
നവംബര്‍ 22നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് തന്നെ 18ാം ബിഹാര്‍ നിയമസഭ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബീഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിനോദ് സിങ് ഗുഞ്ചിയാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 243 അംഗങ്ങളുടെ പട്ടിക കൈമാറിയിട്ടുണ്ട്.
Content Highlight: Reports say that the BJP will have more ministers in the new government in Bihar.