| Wednesday, 11th February 2026, 11:56 am

രണ്ടാഴ്ച്ചക്കുള്ളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ 16 മില്ല്യണ്‍ വ്യൂസ്; ഒ.ടി.ടിയിലും ആവേശമായി ധുരന്ധര്‍

അശ്വിന്‍ രാജേന്ദ്രന്‍

സമീപകാലത്ത് ഇന്ത്യന്‍ സിനിമാലോകം വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത ചിത്രമാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. രണ്‍വീര്‍ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, സാറ അര്‍ജുന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 1400 കോടിയിലധികം നേടിയാണ് തിയേറ്റര്‍ വിട്ടത്. ബോക്‌സ് ഓഫീസിലെ മികച്ച പ്രകടനത്തിന് ശേഷം ഒ.ടി.ടി വമ്പന്മാരായ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത ചിത്രം പാകിസ്ഥാനും ബംഗ്ലാദേശുമടക്കം ഏകദേശം 32 രാജ്യങ്ങളുടെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

Photo: Financial express

ഒ.ടി.ടി യില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒട്ടനവധി കാഴ്ച്ചക്കാരെയാണ് ധുരന്ധറിന് ലഭിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍ ഏകദേശം ഒന്നരക്കോടി പേര്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ കണ്ടതായാണ് സമൂഹ മാധ്യമങ്ങളിലെ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്തതിനുശേഷം ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് ഇത്രയും ദിവസത്തിനുള്ളില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ്പാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രത്തിന് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരെ ലഭിച്ചത് പാകിസ്ഥാനില്‍ നിന്ന് തന്നെയാണ് എന്നതാണ് ഇതിലെ രസകരമായ മറ്റൊരു വസ്തുത. നിലവില്‍ പാകിസ്ഥാനില്‍ ടോപ് ടെന്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രമാണ് ധുരന്ധര്‍. മാത്രമല്ല ആഗോളതലത്തില്‍ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിലും മുന്നിട്ട് നില്‍ക്കുന്നത് ധുരന്ധര്‍ ആണ്.

രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറിന്റെ റെക്കോഡാണ് ധുരന്ധറിന്റെ തേരോട്ടത്തില്‍ ഭീഷണിയിലായിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസായ ചിത്രം 45 മില്ല്യണിലധികം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. വലിയ രീതിയില്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. തൊട്ടുപിന്നില്‍ 33 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി ഷാരൂഖ് ഖാന്‍ ചിത്രം ജവാനും 31 മില്ല്യണ്‍ വ്യൂവേഴ്‌സുമായി അനിമലും തൊട്ടുപിന്നിലുണ്ട്.

നിലവിലെ മികച്ച മുന്നേറ്റം തുടര്‍ന്നാല്‍ ധുരന്ധറിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ധുരന്ധറിന് ഈ ലിസ്റ്റില്‍ മുന്നിലെത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. മാര്‍ച്ച് 19 നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. യഷിനെ നായകനാക്കി ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്കിനൊപ്പമാണ് ചിത്രം ക്ലാഷിനെത്തുന്നത്.

Photo: IMDB/ Wikipedia

എ സര്‍ട്ടിഫിക്കറ്റ്, മൂന്ന് മണിക്കൂര്‍ ഇരുപത്തിയാറ് മിനുട്ട് ദൈര്‍ഘ്യം, ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നേടിയ വിലക്ക് എന്നിവയെ മറികടന്നായിരുന്നു ചിത്രം വലിയ വിജയം നേടിയത്. യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തില്‍ മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പാര്‍ലമെന്റ് ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങളും പ്രതിപാദിച്ചിരുന്നു.

Content Highlight: Reports out regarding Dhurandhar’s Netflix viewership

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more