ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്്‌സ് പുറത്തുവിട്ട ‘അറിയാലോ മമ്മൂട്ടിയാണ്’ എന്ന പോസ്‌റ്റോട് കൂടിയാണ് പുതുവര്‍ഷത്തെ മലയാളം സിനിമാ ആരാധകര്‍ വരവേറ്റത്. 2026 ല്‍ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കുന്ന ഖാലിദ് റഹ്‌മാന്‍-മമ്മൂട്ടി ചിത്രത്തിന്റെ ഹൈപ്പ് ഇതോടെ ഡബിളാക്കി മാറ്റാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിരുന്നു. ഹിറ്റ് ചിത്രമായ ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
ഇപ്പോള്‍ പല സിനിമാ പേജുകളും ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. സിനി ലോക്കോയടക്കമുള്ള പേജുകളാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും ചിത്രത്തിന്റെ ഭാഗമാകാന്‍ സാധ്യതയുള്ളവരുടെയും പേരുകള്‍ പങ്കു വെച്ചത്.
ഉണ്ട. Photo: theatrical poster
സുഹാസ്, ഷറഫ്, നിയോഗ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതെന്നും ദ ഗ്രേറ്റ് ഫാദര്‍ ചിത്രത്തിന്റെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച നൗഫല്‍ അബ്ദുള്ളയാകും പുതിയ ചിത്രത്തിന്റെയും എഡിറ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്തിന്റെ ഹിറ്റ് ചിത്രം ജയിലറിന്റെ സിനിമാറ്റോഗ്രാഫറായ വിജയ് കാര്‍ത്തിക്ക് കണ്ണനെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും വിവരമുണ്ട്.
ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് രംഗത്തെത്തിയ മുതല്‍ ചിത്രത്തിനായി സംഗീതം നിര്‍വഹിക്കാന്‍ അന്യഭാഷയില്‍ നിന്നും അറിയപ്പെടുന്ന സംഗീത സംവിധായകന്‍ മലയാളത്തിലെത്തുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ബാലയ്യ ചിത്രമായ ഡാക്കു മഹാരാജിനും പവന്‍ കല്ല്യാണ്‍ ചിത്രം ദേ കോള്‍ ഹിം ഒജിക്കും സംഗീതം നല്‍കിയ എസ്.തമനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
ചിത്രത്തിലെ കാസ്റ്റിങ്ങിലും ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തകള്‍ സിനിമാ പേജുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് അലി നേരത്തേ തന്നെ ചിത്രത്തിന്റെ ഭാഗമാകുണ്ടെന്ന വാര്‍ത്തകള്‍ക്ക് പുറമെ യുവതാരം നസ്‌ലിനും ലുക്മാന്‍ അവറാനും മലയാളത്തിലെ മറ്റൊരു മുന്‍നിര താരവും ചിത്രത്തിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അതേസമയം തമിഴില്‍ നിന്നുമുള്ള മുന്‍നിര താരത്തിന്റെ അപ്പിയറന്‍സിനായും ചര്‍ച്ച നടക്കുന്നുണ്ട്.
എസ്.തമന്‍. Photo: The pioneer
കളങ്കാവല്‍ എന്ന ജിതിന്‍.കെ.ജോസ് ചിത്രത്തിലൂടെ ഹിറ്റടിച്ച് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച മമ്മൂട്ടിയുടെ പുതുവര്‍ഷം തന്റെതാക്കാനുള്ള ലൈനപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ചിത്രം. ഹിറ്റ് ചിത്രമായ മാര്‍ക്കോക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്്സ് നിര്‍മിക്കുന്ന സിനിമ ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. ജൂണിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Reports on Mammootty Khalid Rahman new project