| Thursday, 12th February 2026, 12:27 pm

ബോക്‌സ് ഓഫീസിനെ അടിച്ചിടാന്‍ രണ്‍വീര്‍ സിങ്ങ്; കല്ല്യാണി നായികയാകുന്ന സോമ്പി ത്രില്ലര്‍ ഒരുങ്ങുന്നത് 300 കോടിക്ക്

അശ്വിന്‍ രാജേന്ദ്രന്‍

സൗത്ത് ഇന്ത്യന്‍ സിനിമകളുടെ തേരോട്ടത്തില്‍ നിറം മങ്ങിപോയ ബോളിവുഡിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചിത്രമായിരുന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകാനായ സ്‌പൈ ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രം 1400 കോടിയോളം തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തി ബോക്‌സ് ഓഫീസിനെ തൂക്കിയടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19 നാണ് തിയേറ്ററുകളിലെത്തുന്നത്.

ധുരന്ധര്‍. Photo: Netflix

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യഷ് നായകനായി ഇതേ ദിവസം തിയേറ്ററുകളിലെത്തുന്ന ടോക്‌സിക്കിനടക്കം വലിയ ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഒ.ടി.ടി റിലീസിന് ശേഷവും ധുരന്ധറിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ. ആദ്യ ഭാഗത്തിന്റെ ഹൈപ്പ് കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാഗം തിയേറ്ററിലെത്തിക്കാനാകുന്നത് ചിത്രത്തിന്റെ കളക്ഷനില്‍ വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നുറപ്പ്.

ധുരന്ധര്‍ 2 വിന് ശേഷം രണ്‍വീറിന്റെ ലൈനപ്പിലുള്ള മറ്റൊരു ചിത്രമാണ് പ്രളയ്. മലയാളി താരം കല്ല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകരും ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ്. നവാഗതനായ ജയ് മേഹ്ത സംവിധാനം ചെയ്യുന്ന സോമ്പി-ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം 300 കോടി രൂപ ബഡ്ജറ്റിലാണൊരുങ്ങുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം.

ഇതോടെ രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാകും പ്രളയ് എന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധുരന്ധറിന്റെ തിരക്കുകള്‍ക്ക് ശേഷം ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ചിത്രത്തില്‍ കല്ല്യാണിക്ക് പുറമെ ഒരു ഹീറോയിന്‍ കൂടെയുണ്ടെന്നും ഇതിനായി ജാന്‍വി കപൂറിനെ സമീപിച്ചിരുന്നെങ്കിലും നിഷേധിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രുക്മിണി വാസന്തിനെയും, ഭാഗ്യശ്രീ ബോസിനെയും റോളിലേക്ക് സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്‍വീര്‍ സിങ്ങ്. Photo: The Indian Express

അതേസമയം ഒരു പുതുമുഖ സംവിധായകനെ ഇത്രയും വലിയ പ്രൊജക്ട് വിശ്വസിച്ചേല്‍പ്പിക്കണോ എന്ന ചോദ്യമുന്നയിക്കുകയാണ് സിനിമാ പ്രേക്ഷകര്‍. സിനിമക്ക് മോശം അഭിപ്രായം ലഭിച്ചാല്‍ വലിയ നഷ്ടമായിരിക്കും നിര്‍മാതാവിന് നേരിടേണ്ടി വരിക എന്നും മുന്നറിയിപ്പുണ്ട്. അതേസമയം ധുരന്ധറിന്റെ കളക്ഷന്‍ രണ്‍വീര്‍ സിങ്ങിന്റെ സ്റ്റാര്‍ഡം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഖാന്‍ ത്രയങ്ങളെ പോലെ ഓപ്പണിങ് ദിനത്തില്‍ വലിയ കളക്ഷന്‍ നേടാനുള്ള സ്റ്റാര്‍ വാല്യൂ താരത്തിനില്ലെന്നും മുന്നറിയിപ്പുണ്ട്.

Content Highlight: Reports of Ranveer Singh’s new film Pralay made on a budget of 300 crores

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more