| Tuesday, 24th March 2026, 10:53 pm

റിലീസ് മാറ്റിവെക്കാന്‍ ഓരോ കാരണങ്ങള്‍; ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ റിലീസ് ഇനിയും നീളുമെന്ന് റിപ്പോര്‍ട്ടുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കി കൊണ്ട് തുടരുന്ന യുദ്ധ സാഹചര്യവും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും വലിയ പ്രതിസന്ധിയാണ് ചലച്ചിത്രമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. മാര്‍ച്ചിലും ഏപ്രിലിലുമായി റിലീസ് ചെയ്യാനിരുന്ന ഒട്ടനവധി ചിത്രങ്ങളാണ് ഇതിനോടകം റിലീസ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ പുതുതായെത്തിയ ചിത്രമാണ് പ്രദീപ് രംഗനാഥന്‍ പ്രധാനവേഷത്തിലെത്തുന്ന  ലവ് ഇന്‍ഷുറന്‍സ് കമ്പനി.

പ്രദീപ് രംഗനാഥന്‍. Photo: Sugan Krish/ X.com

ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലേക്കെത്തും എന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചേക്കുമെന്നാണ് വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ റിലീസ് മാറ്റിവെക്കുന്നതിന്റെ കാരണമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംഭവമാണ് പ്രേക്ഷകരില്‍ കൗതുകം പടര്‍ത്തുന്നത്. ഈദുമായി ബന്ധപ്പെട്ട് മലേഷ്യയിലെ സെന്‍സര്‍ ബോര്‍ഡ് മാര്‍ച്ച് 30 വരെ അവധിയായതിനാലാണ് ചിത്രം മാറ്റി വെക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

വലിയ വിഭാഗം തമിഴ് സിനിമാ ആരാധകരുള്ള മലേഷ്യന്‍ ബോക്‌സ് ഓഫീസിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം നീട്ടിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അധികം വൈകാതെ ഏപ്രില്‍ 10 ന് തന്നെ ലവ് ഇന്‍ഷുറന്‍സ് കമ്പനി തിയേറ്ററുകളിലെത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

തമിഴ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ പ്രദീപിന് പുറമെ കൃതി ഷെട്ടി, എസ്.ജെ സൂര്യ, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പാണ് ലഭിച്ചിരുന്നത്. ലവ് ടുഡേക്ക് ശേഷം പ്രദീപിന്റെതായി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് റിലീസ് ഡേറ്റ് നിശ്ചയിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നടന്നിരുന്നില്ല. ഏപ്രില്‍ 3 നും ചിത്രം തിയേറ്ററിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ വിമര്‍ശനമായിരിക്കും നേരിടേണ്ടി വരിക.

ലവ് ഇന്‍ഷുറന്‍സ് കമ്പനി. Photo: Movies4u Official

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷം കാരണം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്കിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ധുരന്ധറിനൊപ്പം ക്ലാഷ് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം അവസാന നിമിഷമാണ് മാറ്റിവെക്കുന്നതായി അറിയിച്ചത്. സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരുന്ന മറ്റൊരു ചിത്രമായ മോഹന്‍ലാലിന്റെ ദൃശ്യം 3യും കഴിഞ്ഞ ദിവസം റിലീസ് മാറ്റിയിരുന്നു.

ഏപ്രില്‍ 2ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം മെയ് 21 ലേക്കാണ് റിലീസ് മാറ്റിവെച്ചത്. ഇതോടെ ചിത്രത്തിനൊപ്പം ക്ലാഷ് വെക്കുന്ന വാഴ 2വിനും മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രം പ്രതിഛായക്കും വലിയ അവസരമാണ് ബോക്‌സ് ഓഫീസില്‍ തുറന്നുകിട്ടിയിരിക്കുന്നത്.

Content Highlight: Reports of Pradeep Ranganathan’s movie Love Insurance company will change its release date

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more