സര്‍വ്വോപരി പാലാക്കാരന്‍ എന്ന 2017ല്‍ പുറത്തിറങ്ങിയ മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
മമിത ബൈജു. Photo: The Indian Express
ഇതിന് ശേഷം വമ്പന്‍ അവസരങ്ങളാണ് താരത്തെ തേടി തമിഴില്‍ നിന്നുമെത്തിയത്. കീര്‍ത്തീശ്വരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ചിത്രത്തില്‍ നായികയായിട്ടായിരുന്നു മമിത പ്രത്യക്ഷപ്പെട്ടത്. യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം തമിഴ്‌നാട്ടിലെ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും മമിതയ്ക്ക് വലിയ സ്റ്റാര്‍ഡം സൃഷ്ടിച്ച് നല്‍കുകയും ചെയ്യുകയായിരുന്നു. പിന്നാലെ വിജയ്‌യുടെ സഹോദരിയായി ജനനായകനില്‍ വേഷമിട്ടെങ്കിലും ചിത്രത്തിന് ഇതുവരെ തിയേറ്ററുകളിലേക്കെത്താന്‍ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ തമിഴില്‍ വീണ്ടും മറ്റൊരു ചിത്രത്തില്‍ മമിത നായികയാകുമെന്ന റിപ്പോര്‍ട്ടുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഡ്യൂഡില്‍ മമിതയുടെ നായകനായിരുന്ന പ്രദീപ് രംഗനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് മമിത നായികയായെത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ചിത്രത്തില്‍ നായകനായെത്തുന്നത് കോളിവുഡിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമായ അശ്വന്ത് മാരിമുത്തുവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020ല്‍ പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അശ്വന്ത് ശ്രദ്ധിക്കപ്പെടുന്നത് 2025ല്‍ പുറത്തിറങ്ങിയ ഡ്രാഗണിലൂടെയാണ്. പ്രദീപിനെ നായകനാക്കി അശ്വന്ത് സംവിധാനം ചെയ്ത ചിത്രം 2025ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരുന്നു.
വിശ്വനാഥ് ആന്‍ഡ് സണ്‍സ്. Photo: Sithara Entertainments
നേരത്തേ ധനുഷ് നായകനായ കരയില്‍ താരത്തിന്റെ നായികയായി മമിത വേഷമിട്ടിരുന്നു. സൂര്യ നായകനാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് എന്ന റോം-കോം ചിത്രത്തിലും നായികയായി മമിത വേഷമിടുന്നുണ്ട്. അതേസമയം മലയാളത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ബത്‌ലഹേം കുടുംബയൂണിറ്റാണ് താരത്തിന്റെതായി വരാനിരിക്കുന്ന അടുത്ത മലയാള ചിത്രം. പ്രേമലുവിന്റെ സംവിധായകനായ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Content Highlight: Reports of Mamitha Baiju to be in lead role in film produced by Pradeep Ranganathan