| Thursday, 26th February 2026, 6:36 pm

എല്ലാവര്‍ക്കും തമിഴ് നടന്മാരെ മതിയോ?; വിക്രമിന്റെ അടുത്ത ചിത്രം ഒരുക്കുന്നത് എ.ആര്‍.എം സംവിധായകന്‍ ജിതിന്‍ ലാലെന്ന് റിപ്പോര്‍ട്ടുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

അജയന്റെ രണ്ടാം മോഷണം അഥവാ എ.ആര്‍.എം എന്ന ടൊവിനോ തോമസ് നായകനായ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ പേരെടുത്ത സംവിധായകനാണ് ജിതിന്‍ ലാല്‍. ടൊവിനോ തോമസ് മൂന്ന് ഗെറ്റപ്പിലെത്തി ബോക്‌സ് ഓഫീസില്‍ നൂറുകോടിയിലധികം നേടി വമ്പന്‍ വിജയമായി മാറിയ ചിത്രം ജിതിന്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ബേസില്‍ ജോസഫ്, കൃതി ഷെട്ടി ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് കേരളത്തില്‍ നിന്നും മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അജയന്റെ രണ്ടാം മോഷണം. Photo: Think Music India

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം തമിഴിലെ സൂപ്പര്‍ താരം ചിയാന്‍ വിക്രത്തെ നായകനാക്കി ജിതിന്‍ തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സമൂഹമാധ്യമമായ എക്‌സിലെ വിശ്വസിനീയമായ സിനിമാ പേജുകളില്‍ നിന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ പുതുമുഖ സംവിധായകര്‍ തങ്ങളുടെ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം തമിഴിലെ മുന്‍നിര താരങ്ങളെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്ന രസകരമായ വസ്തുതയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുന്നത് 2023 ല്‍ പുറത്തിറങ്ങിയ ഫാലിമിയുടെ സംവിധായകന്‍ നിതിഷ് സഹദേവാണ്.

ബേസില്‍ ജോസഫ്, ജഗദീഷ്, സന്ദീപ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ഫാലിമിക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ തന്റെ അടുത്ത ചിത്രം മലയാളത്തില്‍ തന്നെ വലിയ സ്‌കെയിലില്‍ ചെയ്യുന്നതിന് പകരം തമിഴില്‍ വലിയ മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത ജീവയെ വെച്ചാണ് നിതീഷ് ചെയ്തത്. പൊങ്കലിന് റിലീസ് ചെയ്യാനിരുന്ന ജനനായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയം കാരണം റിലീസ് മാറ്റിവെച്ചതോടെ നിതീഷിന്റെ തലൈവര്‍ തമ്പി തലൈമയില്‍ തിയേറ്ററിലെത്തുകയും ജീവയുടെ കരിയറിലെ കംബാക്കായി മാറുകയുമായിരുന്നു.

ഇതേ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനായിരുന്നു ജിത്തു മാധവന്‍. ഫഹദ് ഫാസില്‍ നായകനായ ആവേശം വമ്പന്‍ ഹിറ്റായതിന് ശേഷം ജിത്തു ഇനിയാര്‍ക്കൊപ്പം ചിത്രം ചെയ്യുമെന്ന് കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു തമിഴിലെ സൂപ്പര്‍ താരം സൂര്യയുമൊത്തുള്ള പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്. അണിയറപ്രവര്‍ത്തകരും മറ്റ് അഭിനേതാക്കളും മലയാളികളാണെങ്കിലും പൂര്‍ണ്ണമായും ഒരു തമിഴ് ചിത്രമായാണ് ഒരുങ്ങുന്നതെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

നിതിഷ് സഹദേവും ജിത്തു മാധവനും. Photo: Wikipedia/ cue studio

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കല്‍ ഈ ലിസ്റ്റിലേക്കാണ് ജിതിന്‍ ലാലും കാലെടുത്ത് വെക്കുന്നത്. അതേസമയം ‘ചിയാന്‍63’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ചിയാന്‍ വിക്രം. ബോഡി.കെ.രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് ഡ്രോപ്പ് ചെയ്‌തെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നുവെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണെന്നും അറിയിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Reports of chiyan vikram next movie with malayalam director Jithin lal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more