സര്‍വ്വം മായ എന്ന ഹിറ്റ് ചിത്രത്തിനും ബേബി ഗേള്‍ എന്ന പരാജയ ചിത്രത്തിനും ശേഷം നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് നാളെ (വ്യാഴം) റിലീസിനൊരുങ്ങുന്ന പ്രതിഛായ. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. പ്രതിഛയായുടെ ഇതിനോടകം പുറത്തുവന്ന ട്രെയ്‌ലറുകളും പോസ്റ്ററുകളും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം അന്തരിച്ച മുന്‍കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെതാണെന്ന രീതിയില്‍ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് ഉമ്മന്‍ചാണ്ടിയുമായി സാദൃശ്യം തോന്നുമെങ്കിലും കേരള രാഷ്ട്രീയത്തിലെ മറ്റ് ഒട്ടനവധി നേതാക്കളുമായി സാമ്യതയുള്ള ഒരു ഹൈബ്രിഡ് കഥാപാത്രമാണ് ചിത്രത്തിലേതെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. പ്രതിഛായയില്‍ സോളാര്‍ കേസില്ലെന്നും എന്നാല്‍ കേരള രാഷ്ട്രീയത്തിലെ മറ്റനേകം സംഭവങ്ങള്‍ ചിത്രത്തില്‍ പശ്ചാത്തലമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Photo: AB George/ X.com
ഇപ്പോഴിതാ ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബാലചന്ദ്ര മേനോന്റെ മുഖ്യമന്ത്രി കഥാപാത്രം ഉമ്മന്‍ ചാണ്ടി തന്നെയാണെന്നുള്ള കണ്ടെത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നെറ്റിക്കേറ്റ പരിക്കിന് ബാന്‍ഡേജിട്ട് നില്‍ക്കുന്ന ചിത്രത്തിലെ കഥാപാത്രവും ഇതേ രീതിയില്‍ നെറ്റിയില്‍ ബാന്‍ഡേജിട്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.
2013 ഒക്ടോബറില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ സോളാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് കല്ലേറ് നടക്കുകയായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ച സംഭവമായിരുന്നു ഇത്. കല്ലെറിഞ്ഞ സി.പി.ഐ.എം പ്രവര്‍ത്തകനോട് ക്ഷമിച്ചുകൊണ്ട് ഇരുവരും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതും വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.
2023 ല്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് മുകളില്‍ എഴുതിവെച്ച വാക്യങ്ങളാണ് താരതമ്യത്തിന്റെ മറ്റൊരു കാരണം. ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’ എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്ക് മുകളില്‍ എഴുതിയിരിക്കുന്നത്. ഇതേ വാക്യം ഒരക്ഷരം പോലും മാറാതെയാണ് പ്രതിഛായയില്‍ കാണിച്ചിരിക്കുന്ന കല്ലറയിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചിത്രത്തിലുള്ളത് ഉമ്മന്‍ ചാണ്ടിയാണെന്നുള്ള കാര്യത്തില്‍ സംശയം വേണ്ടെന്നാണ് പലരുടെയും അഭിപ്രായം.
പ്രതിഛായ. Photo: Book MY Show
അതേസമയം ബാലചന്ദ്രമേനോന്‍ ഉമ്മന്‍ ചാണ്ടിയാകുമ്പോള്‍ നിവിന്‍ അവതരിപ്പിക്കുന്ന മകന്റെ കഥാപാത്രം ചാണ്ടി ഉമ്മന്‍ ആയിരിക്കുമോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഏപ്രില്‍ 9 ന് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിധേന ‘പ്രതിഛായ’ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഛായയെ ബാധിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
Content Highlight: Reports of Balachandra Menon plays real life character of oommen chandi in prathichaya movie