വാഷിംഗ്ടണ്‍: യു.എസ് വ്യോമസേനയുടെ ക്ലൗഡ് വണ്‍ എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി റോയിറ്റേഴ്സ്. തന്ത്രപ്രധാനമായ വിവരങ്ങള്‍, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ലോജിസ്റ്റിക്സ് ഡാറ്റ എന്നിവ അടക്കമുള്ള ഡാറ്റാബേസിനെ അപകടത്തിലാക്കാമെന്ന് ഈ വിഷയത്തെക്കുറിച്ച് അറിയുന്ന മൂന്ന് പേര് പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സിസ്റ്റം അപ്ഡേഷനിടെ കഴിഞ്ഞ മാസമാണ് ക്ലൗഡ് വണ്‍ എന്ന ഈ പ്ലാറ്റ്ഫോമിലെ നുഴഞ്ഞുകയറ്റം കണ്ടെത്തിയതെന്ന് ഇതിനെക്കുറിച്ച് അറിവുള്ള രണ്ട് പേര് വെളിപ്പെടുത്തി. ഈ കണ്ടെത്തലിനെത്തുടര്‍ന്ന് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹാക്കര്‍മാര്‍ ആരാണെന്നോ, നുഴഞ്ഞുകയറ്റം എത്രത്തോളം വ്യാപകമാണെന്നോ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നോ സ്ഥിരീകരിച്ചിട്ടില്ലെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമസേനയുടെ ഐ.ടി ആവശ്യങ്ങള്‍ക്കുള്ള ഏകീകൃത സംവിധാനമെന്ന നിലയില്‍ 2017ലാണ് ക്ലൗഡ് വണ്‍ ആരംഭിച്ചത്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഒറാക്കിള്‍, ആല്‍ഫബെറ്റ് എന്നിവയുടെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. വ്യോമസേനയുടെ ‘ക്ലൗഡ് അധിഷ്ഠിത കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്’ സംവിധാനവും ക്ലൗഡ് വണ്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുന്നു. 200-ലധികം യു.എസ് വ്യോമസേനാ കേന്ദ്രങ്ങളിലെ ബോംബുകളുടെയും മിസൈലുകളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ‘തിയേറ്റര്‍ ഇന്റഗ്രേറ്റഡ് കോംബാറ്റ് മ്യൂണിഷന്‍സ് സിസ്റ്റം’ എന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു.
യു.എസ് സൈന്യത്തിന്റെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ‘ക്ലൗഡ് വണ്‍’ എന്ന് വിവരങ്ങള്‍ നല്കിയവരില് രണ്ടുപേര്‍ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നുഴഞ്ഞുകയറ്റം വളരെ ഗൗരവകരമായ ഒരു കാര്യമാണെന്നും അവരിലൊരാള്‍ അഭിപ്രായപ്പെട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി, യു.എസ് സൈന്യത്തിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ കമാന്‍ഡിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ നല്കിയവരില് ഒരാള്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ യു.എസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) ഡാറ്റബേസില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യു.എസ് വ്യോമസേനയുടെ ക്ലൗഡ് പ്ലാറ്റ്ഫോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയെന്ന വാര്‍ത്ത.
കഴിഞ്ഞ ആഴ്ചയായിരുന്നു എഫ്.ബി.ഐയുടെ ക്രിമിനല്‍ വിവര ഡാറ്റാബേസില്‍ സൈബര്‍ അക്രമികള്‍ അതിക്രമിച്ച് കയറിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നിയമപാലന ഏജന്‍സികള്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടാന്‍ ഉപയോഗിക്കുന്ന നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് (എന്‍.സി.ഐ.സി) ഈ നുഴഞ്ഞുകയറ്റം നടന്നത്.
സുരക്ഷാ വീഴ്ചയുടെ പ്രത്യാഘാതങ്ങള്‍, സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിലേക്കും അതിനപ്പുറത്തേക്കും നീളാമെന്ന് ഒരു മുന്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒളിവിലുള്ള കുറ്റവാളികളെ കണ്ടെത്താനും, നിലവിലുള്ള വാറന്റുകള്‍ പരിശോധിക്കാനും, വിവരങ്ങള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥര്‍ ഈ ഡാറ്റാബേസിനെയാണ് ആശ്രയിക്കുന്നതെന്നും ഉദ്യോഗസ്ഥന് അറിയിച്ചിരുന്നു.
Content Highlight: Reports of Alleged Hacker Attack on US Air Force Cloud Platform