ലണ്ടന്‍: എ.ഐ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ 8,400 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി പഠനം. എഡിന്‍ബറോ ആസ്ഥാനമായുള്ള ചൈല്‍ഡ്ലൈറ്റ് ഗ്ലോബല്‍ ചൈല്‍ഡ് സേഫ്റ്റി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ അശ്ലീല ദൃശ്യങ്ങളും (Deepfake), വസ്ത്രങ്ങള്‍ നീക്കം ചെയ്തതായി തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ‘ന്യുഡിഫൈ ആപ്പുകള്‍’ (Nudify Apps) വഴിയുള്ള ചൂഷണവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രനിലേക്ക് സാങ്കേതിക കമ്പനികള്‍ നല്കിയ റിപ്പോര്‍ട്ടുകളാണ് പഠനത്തിനായി പരിശോധിച്ചത്.
വ്യാജമായി നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനും കൂടുതല്‍ ചിത്രങ്ങള്‍ കൈക്കലാക്കുന്നതിനും കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കിഴക്കന്‍ ഏഷ്യ, പസഫിക് മേഖല, ലാറ്റിനമേരിക്ക, കരീബിയന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സാഹചര്യങ്ങളാണ് പഠനം പ്രധാനമായും പരിശോധിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ സമാന സാഹചര്യങ്ങള്‍ മുന്‍ പഠനങ്ങളില്‍ വിലയിരുത്തിയിരുന്നു.
എ.ഐ ഉപയോഗിച്ച് നിര്‍മിച്ച കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ 2023ല്‍ ഏകദേശം 4,700 ആയിരുന്നത് 2025ല്‍ നാല് ലക്ഷത്തിലധികമായി ഉയര്‍ന്നു.
കഴിഞ്ഞ മാസം ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന് പുറത്തുവിട്ട റിപ്പോര്‍ട്ടിലും എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. 2026ല്‍ ഇതുവരെ പരിശോധിച്ച നിയമവിരുദ്ധ ദൃശ്യങ്ങളുടെ എണ്ണം 2025ലെ ആകെ കണക്കിനെ മറികടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
2026ന്റെ ആദ്യ പകുതിയില്‍ മാത്രം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് നിയമപരമായി നിര്‍വചിക്കപ്പെട്ട 6,310 എ.ഐ ചിത്രങ്ങള്‍ കണ്ടെത്തിയതായി ബ്രിട്ടന് ആസ്ഥാനമായുള്ള ഐ.ഡബ്ല്യു.എഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 4,500ലധികം ചിത്രങ്ങളേക്കാള്‍ 40 ശതമാനം കൂടുതലാണിത്.
കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണെന്ന് ചൈല്ഡ്ലൈറ്റിന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഓഫ് ഡാറ്റ പ്രൊഫ. ഡെബി ഫ്രൈ പറഞ്ഞു. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ കുട്ടികള്‍ നേരിടുന്ന ഭീഷണികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ലോകത്താകമാനം 30 കോടിയിലധികം കുട്ടികള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിനോ അതിക്രമത്തിനോ ഇരകളാകുന്നുണ്ടെന്നാണ് ചൈല്ഡ്ലൈറ്റിന്റെ കണക്ക്. ഓരോ നാല് കുട്ടികളില്‍ ഒരാള്‍ക്ക് 18 വയസ് തികയുന്നതിനുമുമ്പ് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണം നേരിടേണ്ടിവരുന്നുണ്ടെന്നും പഠനം പറയുന്നു.
ഓണ്‍ലൈന്‍ ചൂഷണത്തിനു പുറമെ നേരിട്ടുള്ള ലൈംഗികാതിക്രമങ്ങളും പഠനം വിലയിരുത്തി. വടക്കേ അമേരിക്കയില്‍ കുട്ടിക്കാലത്ത് പെണ്‍കുട്ടികളില്‍ മൂന്നിലൊരാളും ആണ്‍കുട്ടികളില്‍ പത്തിലൊരാളലധികവും നേരിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ലൈംഗികാതിക്രമം, ബലാത്സംഗം, അനുമതിയില്ലാതെ സ്ത്രീകളുടെ വസ്ത്രത്തിനുള്ളിലേക്ക് ഒളിഞ്ഞുനോക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുന്ന ‘അപ്സ്കേര്ട്ടിങ്’ തുടങ്ങിയ കുറ്റകൃത്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച റിപ്പോര്ട്ടുകളുടെഎണ്ണം 2024നും 2025നും ഇടയില്‍ അമേരിക്കയില്‍ 63 ശതമാനവും കാനഡയില്‍ 18 ശതമാനവും വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കുട്ടികള്‍ നേരിടുന്ന ഭീഷണികളുടെ സ്വഭാവം എ.ഐ സാങ്കേതികവിദ്യയിലൂടെ വേഗത്തിലാണ് മാറുന്നതെന്നും അത് ആശങ്കാജനകമാണെന്നും ഡെബി ഫ്രൈ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള സംവിധാനങ്ങളും റിപ്പോര്‍ട്ടിങ് രീതികളും മെച്ചപ്പെട്ടതും ഇത് വര്‍ദ്ധിക്കുന്നതിന് ഒരു കാരണമായിരിക്കാമെങ്കിലും, ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിനും ദൃശ്യങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിനും സര്‍ക്കാരുകളും സാങ്കേതിക കമ്പനികളും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫ്രൈ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാവുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി സര്‍ക്കാരുകള്‍ ഇതിനെ കാണണമെന്ന് ചൈല്‍ഡ്ലൈറ്റ് ചീഫ് എക്സിക്യൂട്ടീവ് പോള്‍ സ്റ്റാന്‍ഫീല്‍ഡ് പറഞ്ഞു.
ചൂഷണത്തിന്റെ യഥാര്‍ഥ വ്യാപ്തി മനസ്സിലാക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും വേണം. രാജ്യാന്തര സഹകരണവും തുടര്‍ച്ചയായ ഇടപെടലുകളും വഴി കുട്ടികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ തടയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Study shows that Reports of AI-related child sexual abuse cases rise 8,400% in two years.