സന: തങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ തടയാന്‍ യു.എ.യും ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാന്‍ ഹൂത്തികളും എ.ഐ ക്ലോഡ് സംവിധാനം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്ക്‌സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ബാല്ലിസ്റ്റിക് മിസൈലുകള്‍ക്കും റോക്കറ്റുകള്‍ക്കും ആവശ്യമായ അത്യാധുനിക സോഫ്റ്റ്‌വെയറുകളും നാവിഗേഷന്‍ സിസ്റ്റങ്ങളും വികസിപ്പിച്ചെടുക്കാന്‍ യെമനിലെ ഹൂതികള്‍ എ.ഐ പ്ലാറ്റ്ഫോം ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വടക്കന്‍ യെമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ബാല്ലിസ്റ്റിക് മിസൈലുകള്‍, ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍, ഗൈഡഡ് റോക്കറ്റുകള്‍ എന്നിവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യാനാണ് എ.ഐ ഉപയോഗിച്ചത്.
വലിയൊരു സംഘം എഞ്ചിനീയര്‍മാര്‍ ചെയ്യേണ്ട സങ്കീര്‍ണമായ സോഫ്റ്റ്വെയര്‍ കോഡിംഗാണ് ഹൂതികള്‍ എ.ഐ അസിസ്റ്റന്റ് വഴി വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. എ.ഐ സഹായത്തോടെ നിര്‍മ്മിച്ച റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടതായും, ഇതിന്റെ കാരണം കണ്ടെത്താന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ വീണ്ടും എ.ഐയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഇതിനായി ഉപയോഗിച്ച എല്ലാ അക്കൗണ്ടുകളും കമ്പനി പൂര്‍ണമായും നിരോധിച്ചു. ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ഹൂതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
സമാന രീതിയിലാണ് യു.എ.ഇയുടെ ക്ലോഡ് ഉപയോഗത്തെക്കുറിച്ചും കമ്പനി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആഗോളതലത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ തകര്‍ക്കുക, സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ യു.എ.ഇയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ വളച്ചൊടിക്കുക, യു.എന്‍ നടത്തുന്ന അന്വേഷണ നടപടികള്‍ തടസപ്പെടുത്തുക എന്നിവയായിരുന്നു യു.എ.ഇയുടെ പ്രധാന ലക്ഷ്യം.
700 ലധികം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് തങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ തടയാന്‍ യു.എ.ഇ ക്ലോഡ് ഉപയോഗിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു സന്നദ്ധ സംഘടനയുടെ പേര് വ്യാജമായി ഉപയോഗിച്ച് റിപ്പോര്‍ട്ടുകളും, യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ അവതരിപ്പിക്കാനായി ഔദ്യോഗിക മൊഴികളും നിര്‍മിച്ചതായും കമ്പനി കണ്ടെത്തിയിട്ടുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും പ്രമുഖ മാധ്യമപ്രവര്‍ത്തകരും അടക്കം 18 പേരുടെ വ്യക്തിഗത വിവരങ്ങളും പ്രൊഫൈലുകളും തയ്യാറാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിലും ഇതിന് പിന്നില്‍ യു.എ.ഇ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് ആന്ത്രോപിക് സ്ഥിരീകരിച്ചു.
സുഡാനിലെ ആര്‍.എസ്.എഫ് വിഭാഗത്തിന് യു.എ.ഇ സൈനിക-സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നു എന്ന ആരോപണം അന്താരാഷ്ട്രതലത്തില്‍ ശക്തമായി നിലനില്‍ക്കെയാണ് എ.ഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ജനവികാരം മാറ്റാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
Content Highlight: Reports indicate that the Houthis are using Claude to manufacture ballistic missiles, while the UAE is using it to counter campaigns directed against them.