| Wednesday, 15th July 2026, 8:57 am

ഹോര്‍മുസിലെ ഇറാന്റെ നിയന്ത്രണം തടയാന്‍ ട്രംപിന് ഫീസ് നല്‍കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറെന്ന് റിപ്പോര്‍ട്ട്

ആദർശ് എം.കെ.

ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷാ ഫീസ് നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ചില ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും അറിയിച്ചതായി റിപ്പോര്‍ട്ട്.

തന്ത്രപ്രധാനമായ ആഗോള ഇന്ധന ഇടനാഴിയുടെ നിയന്ത്രണം ഇറാന്റെ കൈകളിലെത്തുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കുന്നതിന് വേണ്ടി അമേരിക്കയ്ക്ക് സാമ്പത്തികമായ സഹായങ്ങള്‍ നല്‍കാന്‍ അറബ് ഗള്‍ഫ് രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്നതിന് പകരമായി, അതിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് 20 ശതമാനം ട്രാന്‍സിറ്റ് ഫീസ് ഈടാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് ഈ നിലപാടില്‍ യു ടേണ്‍ എടുത്ത അദ്ദേഹം, നേരിട്ടുള്ള ഫീസിന് പകരം അമേരിക്കയില്‍ വന്‍തോതിലുള്ള വ്യാപാര-നിക്ഷേപങ്ങള്‍ നടത്താനാണ് ആവശ്യപ്പെട്ടത്.

ഈ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ച സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ അമേരിക്കയില്‍ റെക്കോര്‍ഡ് തുക നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി.

സാമ്പത്തികമായ ബാധ്യതകളേക്കാള്‍ മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്മേല്‍ ഇറാന് അമിതമായ സൈനിക/പ്രവര്‍ത്തന അധികാരം ലഭിക്കുന്നത് അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സുരക്ഷാ ചെലവുകള്‍ക്കായി പണം നല്‍കുന്നത് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നും, ഏത് സാഹചര്യത്തിലും സുരക്ഷ ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നുമാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ശത്രുതാപരമായ നീക്കങ്ങളിലൂടെ ആഗോള ഇന്ധന പാത തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.

ഹോര്‍മുസ് ജലപാതയിലൂടെയുള്ള യാത്രയ്ക്ക് സ്വന്തം നിലയില്‍ സര്‍വീസ് ഫീസും ടോളും ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് ഒമാന്‍ തടസം നില്‍ക്കുന്നത് മേഖലയില്‍ പിരിമുറുക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ മറികടന്ന് ഒമാന്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലൂടെ കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നത് ഇറാന്റെ നിയമപരമായ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുന്നു.

ഒമാന്റെയും അമേരിക്കന്‍ സൈന്യത്തിന്റെയും ഇത്തരം പ്രതിരോധങ്ങളില്‍ പ്രകോപിതരായ ഇറാന്‍, ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര ജലപാതകളില്‍ ഫീസ് ഈടാക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്. ഇത് ട്രംപിന്റെ ആദ്യത്തെ പ്രസ്താവനയ്ക്ക് വിരുദ്ധമായ ഒരു നിലപാടാണ്.

ഹോര്‍മുസ് കടലിടുക്കിനെ പൂര്‍ണമായി മറികടന്നുകൊണ്ട് ഇന്ധന ഗതാഗതം സാധ്യമാക്കുന്നതിനായി സിറിയ, ഇറാഖ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പുതിയ ‘മെഡിറ്ററേനിയന്‍ പൈപ്പ് ലൈന്‍ പദ്ധതി’ ആവിഷ്‌കരിക്കുന്നതായും സൂചനകളുണ്ട്.

Content Highlight: Reports indicate that some Gulf countries are signaling they have no objection to paying fees in the Strait of Hormuz.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more