| Friday, 31st July 2026, 8:53 pm

റഷ്യന്‍ ഭീഷണി ശക്തമാകുന്നു: യൂറോപ്പിലെ ആണവ പ്രതിരോധ സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ നാറ്റോ പദ്ധതിയിടുന്നു

ആദർശ് എം.കെ.

ബ്രസ്സല്‍സ്: റഷ്യയില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ തങ്ങളുടെ ആണവ പ്രതിരോധ സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ നാറ്റോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ജര്‍മ്മന്‍ പ്രസ് ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ അമേരിക്കന്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നത് നാറ്റോയുടെ സജീവ പരിഗണനയിലുണ്ട്. നിലവില്‍ യു.കെയിലെ ആര്‍.എ.എഫ് ലേക്കന്‍ഹീത്തില്‍ അമേരിക്ക തങ്ങളുടെ B6-112 ബോംബുകള്‍ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാകുകയാണെങ്കില്‍, പോളണ്ട്, ഫിന്‍ലാന്‍ഡ്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളെയും ആണവായുധങ്ങള്‍ വിന്യസിക്കുന്നതിനായി പരിഗണിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമായും ‘നോണ്‍-സ്ട്രാറ്റജിക്’ ആണവായുധങ്ങളാണ് ഈ വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ശത്രു സൈന്യം, വ്യോമതാവളങ്ങള്‍, തുറമുഖങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, മറ്റ് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ നേരിട്ട് ലക്ഷ്യം വെക്കാന്‍ ഉദ്ദേശിച്ചുള്ളവയാണിവ.

സ്ട്രാറ്റജിക് ആണവായുധങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സ്‌ഫോടന ശേഷിയുള്ള ഇവ, യുദ്ധവിമാനങ്ങള്‍, ഹ്രസ്വദൂര മിസൈലുകള്‍ അല്ലെങ്കില്‍ ക്രൂയിസ് മിസൈലുകള്‍ എന്നിവ വഴിയാണ് വിക്ഷേപിക്കുന്നത്.

ശീതയുദ്ധത്തിന് ശേഷം നടന്ന ആണവ നിരായുധീകരണ പ്രക്രിയകള്‍ക്ക് ശേഷം, നിലവില്‍ ഏകദേശം 100 അമേരിക്കന്‍ B6-112 ബോംബുകള്‍ മാത്രമാണ് യൂറോപ്പിലെ വിവിധ വ്യോമസേനാ താവളങ്ങളില്‍ അവശേഷിക്കുന്നതെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

ഭാവിയില്‍ കൂടുതല്‍ അമേരിക്കന്‍ ആണവായുധങ്ങള്‍ യൂറോപ്പില്‍ വിന്യസിക്കാനുള്ള സാധ്യത നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെ തള്ളിക്കളഞ്ഞില്ല.

എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാലും വിഷയത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്തേണ്ടതിനാലും നിലവില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചോ പരിശോധനകളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

Content Highlight: Reports indicate that NATO aims to expand its nuclear deterrence capabilities in Europe amidst Russian threats.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more