| Monday, 15th December 2025, 3:08 pm

സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനൊപ്പം വിദ്യാ ബാലനും; ജയിലര്‍ 2വില്‍ ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്ത് നായകനായെത്തുന്ന ജയിലര്‍ 2. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 2023ല്‍ വന്ന് ഹിറ്റായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2 എത്തുന്നത്.

വന്‍ ഹൈപ്പിലെത്തുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ നിരവധി താരങ്ങള്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിദ്യാ ബാലന്‍ ജയിലര്‍  2 വിലേക്ക് ജോയിന്‍ ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളക്ക് ശേഷമാണ് വിദ്യാ ബാലന്‍ തമിഴിലേക്ക് തിരിച്ചെത്തുന്നത്.

ശക്തമായ വേഷത്തിലാണ് നടി സിനിമയില്‍ എത്തുന്നതെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ കഥാഗതിയെ തന്നെ മാറ്റുന്ന രീതിയില്‍ പ്രധാനപ്പെട്ട റോളാണ് വിദ്യ കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടുവെന്നും താരം കരാറില്‍ ഒപ്പിട്ടുണ്ടെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് വിദ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം അജിത് കുമാര്‍ നായകനായെത്തിയ നേര്‍കൊണ്ട പാര്‍വൈയാണ് തമിഴില്‍ വിദ്യയുടേതായി എത്തിയ അവസാന ചിത്രം.

2025 മാര്‍ച്ച് 10 നാണ് ജെയിലര്‍ 2 ന്റെ ഷൂട്ടിങ് ആരംഭിച്ചത്. അട്ടപ്പാടിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ചെന്നൈ, ഹൈദരബാദ്, മുംബൈ, കോഴിക്കോട്, ഗോവ എന്നിവിടങ്ങളിലായാണ് ജയിലര്‍ 2വിന്റെ ഷൂട്ട് പുരോഗമിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കുമെന്നും 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നും കരുതുന്നു. അനിരുദ്ധ് തന്നെയാണ് ജെയിലര്‍ 2വിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Reports  about Vidya Balan joins Rajinikanth’s film  Jailer 2

We use cookies to give you the best possible experience. Learn more