ഇന്ത്യന്‍ സിനിമാ മേഖഖലയിലെ എല്ലാ വിധ ഹൈപ്പുകളും ചര്‍ച്ചകളും നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴ് ചിത്രം ജന നായകനിലേക്കാണ്. വിജയ് യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന് വന്‍ വരവേല്‍പാണ് തിയേറ്ററുകളിലെ പ്രീ ബുക്കിങ്ങ് സെയിലുകളില്‍ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിലെ മാസ് രംഗങ്ങളും ദൃശ്യ വിരുന്നും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമമായ എക്‌സിലെ സിനിമാ പേജുകള്‍ പങ്കുവെച്ച ജന നായകന്റെ ബഡ്ജറ്റുമായി ബന്ധപ്പെട്ട കണക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
എച്ച്.വിനോദ്
സിനിമാ പേജായ മൂവി തമിള്‍ ആണ് വിജയ് യുടെയും ചിത്രത്തിലെ സംവിധായകന്റെയും മറ്റ് പ്രധാനപ്പെട്ട താരങ്ങളുടെയും പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിജയ് 220 കോടി രൂപ പ്രതിഫലമായി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴിലെ സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരമാണ് വിജയ്.
ചിത്രത്തിന്റെ സംവിധായകനായ എച്ച്.വിനോദ് 25 കോടി നേടിയതായാണ് സ്ഥിരീകരിക്കാത്ത വിവരം. ചിത്രത്തിനായി സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദര്‍ 13 കോടി രൂപ കൈപ്പറ്റിയതായും തെന്നിന്ത്യന്‍ സൂപ്പര്‍ നായിക പൂജ ഹെഗ്‌ഡെ 3 കോടി രൂപ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നിന്നും വില്ലനായെത്തിയ ബോബി ഡിയോളിനും 3 കോടി നല്‍കിയതായാണ് വിവരം.
അതേസമയം മലയാളത്തില്‍ നിന്നും സിനിമയിലെത്തിയ മമിത ബൈജു 60 ലക്ഷം രൂപക്കാണ് ചിത്രത്തില്‍ വേഷമിട്ടത്. 148 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെലവുകള്‍ക്കായി 48 കോടിയും സെറ്റ് വര്‍ക്കുകള്‍ക്ക് 15 കോടിയും ചിത്രത്തിലെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് 5 കോടിയും ചെലവിട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
Photo: screen grab/ KVN productions/ youtube.com
മറ്റ് താരങ്ങള്‍ക്കുള്ള പ്രതിഫലവും ഷൂട്ടിങ്ങ് ചെലവുകളുമടക്കം ഏകദേശം 380 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്ന് മൂവി തമിഴ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ചിത്രം ഷൂട്ട് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ തുക താരങ്ങള്‍ക്കുള്ള പ്രതിഫലമായി പോകുന്നതിന് എതിരെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറില്‍ ഗൂഗിള്‍ ജെമിനിയുടെ വാട്ടര്‍ മാര്‍ക്ക് കണ്ടത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എ.ഐ ഉപയോഗിച്ച് ചിത്രം ചെയ്യുന്നതിന് ഇത്രയും ചെലവുണ്ടോ എന്ന് ചോദിക്കുന്ന കമന്റുകളാണ് കൂടുതല്‍. ബാലയ്യ ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന വാദത്തെ സ്ഥിരീകരിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍. തെലുങ്ക് ചിത്രത്തിലെ രംഗങ്ങള്‍ അതേപടി കോപ്പിയടിച്ചതില്‍ ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlight: Reports about Budget of Jana Nayagan movie and remuneration of Actors