| Thursday, 25th December 2025, 8:05 am

ഇരുമ്പ് കൈ മായാവിയോ? അല്ലുവിനെ നായകനാക്കി ലോകേഷിന്റെ പുതിയ പ്രൊജക്ട് ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് സംവിധായകന്‍ ലോകേഷ് കനകരാജുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനുമായി ചേര്‍ന്നുള്ള ലോകേഷിന്റെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നതായും ചിത്രം ലോക്കായതായുമാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ലോകേഷ് ഹൈദരാബാദിലെത്തിയതായും തെലുങ്കിലെ സൂപ്പര്‍താരമായി പുതിയ ചിത്രത്തിന്റെ ചര്‍ച്ചക്കായാണ് വരവെന്നുമടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത്.

അല്ലു അര്‍ജുന്‍.Photo: screen grab/ E4 entertainment/ youtube.com

ലോകേഷും ഭാര്യ ഐശ്വര്യ സുരേഷും ചേര്‍ന്നാണ് താരത്തെ കണ്ടതെന്നും പ്രൊജക്ട് സ്ഥിരീകരിച്ചതുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം സംവിധായകന്റെ ഭാഗത്തു നിന്നോ താരത്തിന്റെ ഭാഗത്തു നിന്നോ പുറത്തു വന്നിട്ടില്ല. ലോകേഷിന്റെ കരിയറിലെ ഡ്രീം പ്രൊജക്ടായ ഇരുമ്പ്‌കൈ മായാവിയാണ് അല്ലു അര്‍ജുനുമായി ചേര്‍ന്ന് ചെയ്യാനായി തീരുമാനിച്ചതെന്നാണ് വിവരം.

മൈത്രി മേക്കേഴ്‌സിന്റെ നിര്‍മാണത്തിലാവും ചിത്രം നടക്കുകയെന്നും അടുത്ത വര്‍ഷം 2026 ജൂലൈയില്‍ ഷൂട്ടിങ് ആരംഭിച്ച് 2027 മാര്‍ച്ചോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പല സിനിമാ പേജുകളും പങ്കുവെക്കുന്ന വിവരം. അതേസമയം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് അല്ലു ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സുകുമാര്‍ ചിത്രം പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ടാഗ്‌ലൈന്‍ നേടിയെടുത്ത അല്ലുവിന്റെയും തമിഴില്‍ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ രാജ്യം മൊത്തത്തില്‍ തന്റെ ബ്രാന്‍ഡ് വാല്യൂ തെളിയിച്ച ലോകേഷ് കനകരാജിന്റെയും കൈകോര്‍ക്കല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കികാണുന്നത്. രണ്ട് ഭാഗങ്ങളായെത്തിയ പുഷ്പയിലൂടെ നോര്‍ത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും മുമ്പില്ലാത്ത വിധത്തില്‍ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ അല്ലുവിന് കഴിഞ്ഞിരുന്നു.

ലോകേഷും രജിനിയും. Photo: Peepingmoon

ലോകേഷിന്റെ സംവിധാനത്തില്‍ പിറന്ന എല്‍.സി.യു വിലെ മൂന്ന് വമ്പന്‍ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ രജിനികാന്ത് നായകനായെത്തിയ കൂലി പരാജയമായിരുന്നു. വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ കൂലി ലോകേഷിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമായാണ് ആരാധകര്‍ വിലയിരുത്തിയത്. തമിഴിലെയും തെലുങ്കിലെയും രണ്ട് അതികായര്‍ കൈക്കോര്‍ക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത് എന്നതില്‍ സംശയമില്ല.

Content Highlight: reports about allu arjun new movie with lokesh kanagaraj

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more