സൗത്ത് ഇന്ത്യന്‍ സിനിമകളുടെ തേരോട്ടത്തില്‍ നിറം മങ്ങിപ്പോയ ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിക്ക് പുത്തനുണര്‍വേകി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രണ്‍വീര്‍ സിങ്ങ് നായകനായ ധുരന്ധര്‍. 2019 ല്‍ പുറത്തിറങ്ങിയ ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഇതിനോടകം 1300 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Dhurandhar. Photo: cinema express
തിയേറ്ററിലെ രാജകീയ വിജയത്തിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റഫ്‌ളിക്‌സില്‍ റിലീസിനെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനുവരി 30 നായിരിക്കും ധുരന്ധര്‍ റിലീസിനെത്തുകയെന്നാണ് ഇപ്പോള്‍ ഇന്ത്യ ടുഡേയും മണികണ്ട്രോളും അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.
തിയേറ്ററുകളില്‍ വലിയ സ്വീകരണം ലഭിച്ച ചിത്രത്തിനായി വലിയ തുകയാണ് നെറ്റ്ഫ്‌ളിക്‌സ് മുടക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ തുകയായിരിക്കും ധുരന്ധറിന് ലഭിക്കുകയെന്നും വാര്‍ത്തകളുണ്ട്. മാര്‍ച്ച് 19 ന് റിലീസ് പ്രഖ്യാപിച്ച ധുരന്ധര്‍ 2 വിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് അടക്കമാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പാകിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പശ്ചാത്തലമാക്കുന്ന ധുരന്ധര്‍ ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നേരിട്ട വിലക്കിനെ മറികടന്നായിരുന്നു ആയിരം കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. അക്ഷയ് ഖന്നയുടെ നൃത്തരംഗങ്ങളും സ്‌പൈ ട്രെന്‍ഡുമടക്കം രാജ്യത്ത് വലിയ തരംഗം സൃഷ്ടിക്കാന്‍ ധുരന്ധറിന് സാധിച്ചിരുന്നു.
അക്ഷയ് ഖന്ന
റിലീസിന് മുമ്പ് 10 കോടി പോലും പ്രീ സെയിലിലൂടെ നേടാനാകാതെ ഫ്‌ളോപ്പാകുമെന്ന് പലരും വിധിയെഴുതിയ ചിത്രം ബോക്സ് ഓഫീസില്‍ 1000 കോടിയിലേറെ സ്വന്തമാക്കി ഈ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍ നേട്ടത്തോടൊപ്പം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി. ഇതോടെ ഈ എലീറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമായി ധുരന്ധര്‍ മാറി.
ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിനം 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ എന്ന റെക്കോഡും ധുരന്ധറിന്റെ പേരിലാണ്. 18 ദിവസമാണ് ചിത്രം തുടര്‍ച്ചയായി വേള്‍ഡ്വൈഡ് ബോക്സ് ഓഫീസില്‍ നിന്ന് 20 കോടിക്ക് മുകളില്‍ നേടിയത്. കാന്താര ചാപ്റ്റര്‍ വണ്ണിനെ മറികടന്നാണ് ധുരന്ധര്‍ ഇയര്‍ ടോപ്പറായത്.
Content Highlight: Reporters out saying Durandhar will release on January 30 on ott platform Netflix