| Sunday, 22nd June 2025, 8:18 pm

ഇറാന്റെ സുപ്രധാന നീക്കം; ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് നിലക്കും; ഹോര്‍മൂസ് കടലിടുക്ക് അടക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിലെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങളില്‍ യു.എസ്. ബോംബിട്ടതിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഇറാന്‍. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കാന്‍ അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ആഗോള തലത്തില്‍ വലിയ തോതില്‍ ഇന്ധന ക്ഷാമമുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അറബിക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ഗള്‍ഫിനെ ബന്ധിപ്പിക്കുന്ന പ്രധാനപാതകൂടിയാണ് ഹോര്‍മൂസ് കടലിടുക്ക്. ഇറാനെ അറേബ്യന്‍ ഉദ്വീപില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യുന്നത് ഈ സുപ്രധാന പാതയാണ്.

സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, ഖത്തര്‍, ഇറാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഈ പാത അടക്കുന്നതോട് കൂടി ഇന്ത്യയും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യയിലേക്ക് ആകെയെത്തുന്നത്. ഇതില്‍ രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും ഇന്ത്യയിലേക്ക് എത്തുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്.

എന്നാല്‍ ഇന്ത്യയിലേക്കുള്ള എണ്ണ എത്തിക്കുന്നതിനായി ബദല്‍ പാത ഉപയോഗിക്കാനാകുമെന്ന സാധ്യതയും ഇന്ത്യക്കുള്ളതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സുകളിലൊന്നായ ഖത്തര്‍ ഈ പാത ഉപയോഗിക്കുന്നില്ല എന്നതും ഇന്ത്യക്ക് തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജവിതരണ മേഖലയിലുണ്ടാകുന്ന ഈ തടസം ആഗോള തലത്തില്‍ തന്നെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഭൂമിശാസ്ത്രപരമായും വലിയ പ്രാധാന്യമുള്ള പ്രദേശമാണ് ഹോര്‍മൂസ് കടലിടുക്ക്. ഇതിന് ബദലായി മറ്റൊരു കടല്‍ മാര്‍ഗവുമില്ല എന്നത് തന്നെയാണ് ഹോര്‍മൂസിനെ മറ്റു പാതകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മാത്രവുമല്ല ഏറ്റവും ഇടുങ്ങി പ്രദേശത്ത് കേവലം 33 കിലോമീറ്റര്‍ മാത്രമാണ് ഈ പാതയുടെ വീതി. അതില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് കപ്പല്‍ പാത.

അതുകൊണ്ട് തന്നെ ഈ വഴി കടന്നുപോകുന്ന കപ്പലുകളെ തടയുന്നതും അക്രമിക്കലും വളരെ എളുപ്പവുമാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഇതുവഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടാല്‍ ലോകമെമ്പാടുമുള്ള എണ്ണ, എല്‍.എന്‍.ജി വ്യാപാരത്തില്‍ അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആഗോള എണ്ണ സമുദ്രവ്യാപാരത്തിന്റെ നാലിലൊന്നിലധികവും ഇതുവഴിയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലും നടന്നിട്ടുള്ളത്. കൂടാതെ, ആഗോള ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കഴിഞ്ഞ വര്‍ഷം ഹോര്‍മൂസ് കടലിടുക്ക് വഴി തന്നെയാണ് നടന്നിട്ടുള്ളത്. യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷനെ ഉദ്ധരിച്ച് കൊണ്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇസ്രഈലിനൊപ്പം ചേര്‍ന്ന് അമേരിക്ക ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പിന്നാലെ ഇറാന്‍ ഇസ്രഈലില്‍ ഇതിനുള്ള പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു. എങ്കിലും നേരിട്ടുള്ള യുദ്ധത്തിന് പകരം ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചുകൊണ്ടുള്ള സമ്മര്‍ദ തന്ത്രത്തിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ ഇറാന്‍ പാര്‍ലമെന്റ് ഹോര്‍മൂസ് കടലിടുക്ക് അടക്കാന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ട്.

CONTENT HIGHLIGHTS: Reportedly, Iran has decided to close the Strait of Hormuz

We use cookies to give you the best possible experience. Learn more