| Friday, 13th June 2025, 3:09 pm

ശമ്പളകുടിശിക ആവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ സമരത്തിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശമ്പളകുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ സമരം നടത്തുന്നതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം നേതാവും അഭിഭാഷകനുമായ കെ.എസ് അരുണ്‍ കുമാറാണ് കിറ്റെക്‌സിലെ തൊഴിലാളികളുടെ സമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയതെന്നാണ്  അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറ്റം പറഞ്ഞു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്ന മുതലാളി അദ്ദേഹത്തിന്റെ കമ്പനിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളുടെ ശമ്പള കുടിശ്ശിക കൊടുത്തിട്ട് വേണം പോകാന്‍ എന്ന വിമര്‍ശനത്തോടെയാണ് അരുണ്‍ കുമാര്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുന്ന വീഡിയോ പങ്കുവെച്ചത്.

കിറ്റെക്സിനെ ആന്ധ്ര പ്രദേശിലേക്ക് ക്ഷണിച്ച് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ പ്രതിനിധികള്‍ ടെക്സ്‌റ്റൈല്‍സ് കമ്പനിയില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കിറ്റെക്‌സ് എം.ഡി. സാബു ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തി ബുദ്ധിമുട്ടിച്ചെന്നും കേരളത്തില്‍ ഇനിയും കിറ്റെക്സ് പ്രവര്‍ത്തനം തുടരുമെന്നും അതിന് പിണറായി വിജയന്റേയോ മന്ത്രി പി. രാജീവിന്റേയോ അനുവാദം വേണ്ടെന്നുമാണ് സാബു ജേക്കബ് പറഞ്ഞത്.

കേരളം എന്നത് ഇന്ത്യാ രാജ്യത്തെ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് ജനിച്ച് വളര്‍ന്നവരാണ് ഞാനും നിങ്ങളും ഈ പറയുന്നവരുമൊക്കെയെന്നും അല്ലാതെ കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും സാബു ജേക്കതബ് പറയുകയുണ്ടായി.

അതേസമയം അഡ്വ. അരുണ്‍ കുമാറിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പതിനായിരകണക്കിനാണ് തൊഴിലാളികളാണ് അവിടെ ഉള്ളതെന്നും നാലും മൂന്നും ഏഴാളുടെ വീഡിയോ ഇടുമ്പോള്‍ എന്താണ് വിഷയം എന്നു പോലും അറിയാതെയാണ് പ്രവര്‍ത്തിക്കുതെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എന്നാല്‍ സമരത്തിന് കൂടുതല്‍ മാധ്യമശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

Content Highlight: Report: Workers are protesting in front of Kitex company demanding salary arrears

We use cookies to give you the best possible experience. Learn more