യു.എ.ഇ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി നേടരിടുന്ന 115 സാമ്പത്തിക നിയമ ലംഘനങ്ങളില്‍ 114 എണ്ണത്തിലും കുറ്റക്കാരാണെന്ന് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട്.
2009നും 2018നും ഇടയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന നിയമലംഘനങ്ങളുടെ അന്വേഷണത്തെത്തുടര്‍ന്ന് 2023ല്‍ പ്രീമിയര്‍ ലീഗ് സിറ്റിക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
കളിക്കാര്‍ക്കും പരിശീലകര്‍ക്കും കൃത്യമായ സാമ്പത്തിക വിവരങ്ങളും പെയ്‌മെന്റുകളുടെ വിശദാംശങ്ങളും സിറ്റി നല്‍കിയിരുന്നില്ല. ഇതോടെ സാമ്പത്തിക സുസ്ഥിരതാ നിയമങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങളാണ് സിറ്റിക്ക് നേരെ ചുമത്തിയത്. മാത്രമല്ല അന്വേഷണവുമായി ബന്ധപ്പെട്ട് ക്ലബ്ബ് സഹകരിച്ചിരുന്നില്ല.
യു.എ.ഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉടമസ്ഥതയിലാണ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി. 2008 സെപ്റ്റംബറില്‍ ഏകദേശം 200 മില്യണ്‍ പൗണ്ടിന് അദ്ദേഹം ക്ലബ്ബ് വാങ്ങിയത്. പക്ഷെ 2023ല്‍ പ്രസിദ്ധീകരിച്ച കുറ്റപത്രത്തില്‍ പറഞ്ഞ എല്ലാ ആരോപണങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി നിഷേധിച്ചിരുന്നു.
‘എട്ട് വര്‍ഷമായി പ്രീമിയര്‍ ലീഗ് ബോര്‍ഡും എക്‌സിക്യൂട്ടീവും പക്ഷപാതപരമായ സ്വാധീനമില്ലാതെ സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ക്ലബ് കൃത്യമായ നടപടിക്രമങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിച്ചിട്ടുണ്ട്,’ സിറ്റി അവകാശപ്പെട്ടു.
ഇതോടെ അന്വേഷണ വിധിക്കെതിരെ സിറ്റി അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാനല്‍ തീരുമാനിച്ച ശിക്ഷ അപ്പീല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പുറത്തുവിടുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ക്ലബ്ബ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സിറ്റിയുടെ പോയിന്റ് കുറയ്ക്കല്‍, പിഴ അല്ലെങ്കില്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കല്‍ എന്നിവ പോലുള്ള ഗുരുതരമായ നടപടികള്‍ നേരിടേണ്ടി വന്നേക്കും. അതേസമയം 2017 മുതല്‍ 18 വരെയുള്ള കാലയളവില്‍ ക്ലബ് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് കപ്പുകളും എഫ്.എ കപ്പും നേടി.
ഷെയ്ഖ് മന്‍സൂറിന്റെ ഉടമസ്ഥതയില്‍ സിറ്റി എട്ട് പ്രീമിയര്‍ ലീഗ് ട്രോഫികളും നാല് എഫ്.എ കപ്പുകളും ഏഴ് ലീഗ് കപ്പുകളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. പെപ് ഗാര്‍ഡിയോളയുടെ അവസാന സീസണില്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ സാധിച്ചില്ലായിരുന്നു.
Content Highlight: Report states that UAE-owned Manchester City committed 114 rule violations