| Wednesday, 15th July 2026, 8:05 am

ദെഷാംസ് യുഗത്തിന് അന്ത്യം; ഫ്രാന്‍സിന്റെ പുതിയ രക്ഷകനാവാന്‍ ഇതിഹാസമെത്തുന്നു

സുദേവ് എ

2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ദിദിയര്‍ ദെഷാംസ് ഫ്രാന്‍സിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിദിയര്‍ ദെഷാംസിന്റെ പകരക്കാരനായി ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

കളിക്കളത്തില്‍ താരമായും പരിശീലകനായും ഒരുപോലെ തിളങ്ങിയ ചുരുക്കം ചില ആളുകളില്‍ ഒരാളാണ് സിദാന്‍. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ കോച്ചിങ് കരിയറാണ് സിദാന്‍ പടുത്തുയര്‍ത്തിയത്. റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യന്‍സ് കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നു. മറ്റൊരു കോച്ചിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്.

2021ല്‍ റയലില്‍ നിന്നും പരിശീലകസ്ഥാനത്ത് നിന്നും സിദാന്‍ പടിയിറങ്ങി. തുടര്‍ന്ന് പല വമ്പന്‍ ക്ലബ്ബുകളും സിദാന്റെ പുറകില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ഫ്രഞ്ച് ഇതിഹാസം തള്ളികളയുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പരിശീലക കുപ്പായമണിയാന്‍ സിദാന്‍ തയ്യാറാവുമോയെന്ന് കണ്ടുതന്നെ അറിയണം.

അതേസമയം ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച പരിശീലകനായാണ് ദെഷാംസ് പടിയിറങ്ങുന്നത്. 1998 ലോകകപ്പ് താരാമായി നേടിയ ദെഷാംസ് പിന്നീട് ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഫ്രാന്‍സിനെ പരിശീലകനായി 184 മത്സരങ്ങളില്‍ നയിച്ച ദെഷാംസ് 120 വിജയങ്ങളും 35 സമനിലകളും നേടിക്കൊടുത്തു. 29 മത്സരങ്ങളില്‍ മാത്രമാണ് ദെഷാംസിന്റെ കീഴില്‍ ഫ്രാന്‍സ് പരാജയപ്പെട്ടത്.

2018 ലോകകപ്പ്, 2021 യുവേഫ നേഷന്‍സ് ലീഗ് എന്നീ കിരീടങ്ങള്‍ ദെഷാംസിന്റെ കീഴില്‍ ഫ്രഞ്ച് പട സ്വന്തമാക്കി. 2016 യൂറോ കപ്പിലും 2022 വേള്‍ഡ് കപ്പിലും ടീമിനെ ഫൈനല്‍ വരെ നയിക്കാന്‍ ദെഷാംസിന് സാധിച്ചിരുന്നു.

ഈ ലോകകപ്പില്‍ ഫ്രാന്‍സ് സെമി ഫൈനല്‍ കടന്നതോടെ തുടര്‍ച്ചയായ മൂന്ന് സെമി ഫൈനലുകള്‍ കളിക്കുന്ന മൂന്നാമത്തെ ടീമായും ഫ്രാന്‍സ് മാറിയിരുന്നു. ജര്‍മനിക്കും ബ്രസീലിനും ശേഷം ഈ നേട്ടം കൈപ്പിടിയിലാക്കുന്ന മൂന്നാമത്തെ ടീമാക്കി ഫ്രാന്‍സിനെ മാറ്റാന്‍ ദെഷാംസിന് സാധിച്ചു.

സെമി ഫൈനലില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതാണ് ഫ്രാന്‍സ് ഈ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. മൈക്കല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്പാനിഷ് പടക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ സെന്റര്‍ ബാക്ക് വില്യം സാലിബ പരിക്കേറ്റ് പുറത്തായതും ഫ്രാന്‍സിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

Content Highlight: Report says Zinedine Zidan will be the france new head coach

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more