| Friday, 20th February 2026, 11:27 am

കിടിലന്‍ പടം ലോഡിങ്.. വിപിന്‍ദാസും നിവിന്‍ പോളിയുമൊന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ?

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ യുവതാരങ്ങളിലൊരാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയിരുന്നു.

പ്രേമം, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളില്‍ തിളങ്ങിയ നിവിന് അന്യഭാഷകളിലും ആരാധകരേറയാണ്. എന്നാല്‍ സമീപകാലത്ത് നിവിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാറ്റര്‍ ഡേ നൈറ്റ്, കനകം കാമിനി കലഹം, മഹാവീര്യര്‍ തുടങ്ങി അടുത്തിടെ വന്ന സിനിമകളെല്ലാം പരാജയപ്പെട്ടിരുന്നു.

ആ പഴയ നിവിനെ മലയാളികള്‍ക്ക് പിന്നീട് തിരിച്ചുകൊടുത്തത് അഖില്‍ സത്യനാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സംവിധാനം ചെയ്ത സര്‍വ്വം മായ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. ആഗോളതലത്തില്‍ 150 കോടി നേടിയതോടെ ബോക്‌സ് ഓഫീസിലും നിവിന് ഗംഭീര തിരിച്ചുവരവ് നടത്തി.

നിവിന്റേതായി വരാനിരിക്കുന്ന സിനിമകളെ കുറിച്ചും വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന പ്രതിഛായ, ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്.

ഇപ്പോഴിതാ നിവിന്‍ പോളിയുടെ അടുത്ത പ്രൊജക്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വിപിന്‍ ദാസുമായി താരം ഒന്നിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സന്തോഷ് ട്രോഫി എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ വിപിന്‍ ദാസ്. പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് ട്രോഫിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം വിപിന്‍ ദാസ് നിവിനുമായുള്ള പ്രൊജക്ട് ആരംഭിക്കുമെന്നാണ് റിപ്പോട്ടുകള്‍ പറയുന്നത്.

ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും അനൗണ്‍സ്‌മെന്റ് ഉടനെ ഉണ്ടാകുമെന്നും 2026 ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുദ്ദുഗൗ എന്ന സിനിമയിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വിപിന്‍ ദാസ്, ജയ ജയ ജയ ജയഹേ,യിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വാഴ, വ്യസനസമേതം ബന്ധുമിത്രാതികള്‍ എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്തു. വാഴ സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും വിപിനാണ്.

നിവിന്റേതായി വരാനിരിക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമയില്‍ മമിതയാണ് നായിക.

Content Highlight:  Report  says  Vipindas and Nivin Pauly are teaming up

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more