ആദിത്യ ധറിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ് നായകനായി 2025 ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ധുരന്ധര്‍. സ്‌പൈ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രം ആഗോലളതലത്തില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുകയും പല റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ചിത്രമാണ് ധുരന്ധര്‍. ഐ.എസ്.ഐയുടെ നീക്കളെ തകര്‍ക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ഉറി എന്ന സിനിമയ്ക്ക് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധറില്‍ രണ്‍വീറ് സിങിന് പുറമെ അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്‍ തുടങ്ങി വന്‍താരനിര അണിനിരന്നിരുന്നു. 2026 മാര്‍ച്ച് 19ന് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചിത്രത്തില്‍ അക്ഷയ് ഖന്ന ഫ്ളാഷ് ബാക്ക് രംഗങ്ങളിലൂടെ തിരിച്ചെത്തുമെന്ന് ഉറപ്പായതിന് പിന്നാലെ സിനിമയെ കുറിച്ച് വന്ന പുതിയ റിപ്പോര്‍ട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് താരം വിക്കി കൗശല്‍ കാമിയോ റോളിലൂടെ ചിത്രത്തിലെത്തുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.
ആര്‍. മാധവന്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപല്‍ തുടങ്ങി വന്‍താരനിര തന്നെ ധുരന്ധറിന്റെ രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിലേക്ക് വിക്കി കൗശല്‍ കൂടി വന്നാല്‍ സംഗതി കളറാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രത്തില്‍ വിക്കി കൗശല്‍ വെറുമൊരു കാമിയോ റോളിലല്ല മറിച്ച് ആദിത്യ ധറിന്റെ തന്നെ ഉറി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മേജര്‍ വിഹാന്‍ ഷെര്‍ഗില്‍ എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് വാര്‍ത്തകള്‍. ഇതോടെ ധുരന്ധറിന്റ ക്യാന്‍വാസ് തന്നെ മറ്റൊരു തലത്തിലേക്ക് ഉയരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വിക്കിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
2016 സെപ്തംബര്‍ 18ന് നാല് അതിക്രമകാരികള്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കി ഒരുക്കിയ ചിത്രമാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പരേഷ് റാവല്‍, യാമി ഗൗതം മോഹിത് റെയ്ന തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ ബോക്സ് ഓഫീസില്‍ വിജയമായിരുന്നു.
ധുരന്ധര്‍ റിലീസിന് ശേഷം വിക്കി കൗശല്‍ ആദിത്യ ധറിന് സിനിമക്ക് പ്രശംസകളുമായെത്തിയിരുന്നു. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും വിക്കി കൗശല്‍ ധുരന്ധറില്‍ ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞിരിക്കുയാണ് ആരാധകര്‍.
Content highlight: Report says Vicky Kaushal to be in Durandhar 2