| Friday, 9th May 2025, 8:05 pm

പാകിസ്ഥാന് ഇന്ത്യ നല്‍കുന്ന തിരിച്ചടികള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ ലീഗിന് യു.എ.ഇ വക വമ്പന്‍ തിരിച്ചടി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകളിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. യു.എ.ഇയാണ് പാകിസ്ഥാന്റെ പ്രഥമപരിഗണനയിലുള്ളത്.

നിലവിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗീലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയിലേക്ക് മാറ്റുന്നതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ടൂര്‍ണമെന്റിന്റെ അവസാന എട്ട് മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുമെന്നാണ് പി.സി.ബി അറിയിച്ചത്. റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് യു.എ.ഇയിലേക്ക് മാറ്റിയതായി അറിയിച്ചത്.

എന്നാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ശേഷിച്ച മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ യു.എ.ഇ താത്പര്യം കാണിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പി.എസ്.എല്‍ മത്സരങ്ങള്‍ക്ക് യു.എ.ഇ ആതിഥേയരാകുന്ന തീരുമാനത്തിന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) അംഗീകാരം നല്‍കാന്‍ സാധ്യതയില്ലെന്നാണ് ആജ്തക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

‘ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന, വൈവിധ്യങ്ങള്‍ നിറഞ്ഞ സൗത്ത് ഏഷ്യന്‍ ആളുകളാണ് യു.എ.ഇയിലുള്ളത്. എന്നാല്‍ നിലവിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ പി.എസ്.എല്‍ പോലുള്ള ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും,’ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.

വിദേശ താരങ്ങളുടെ സുരക്ഷയടക്കം മുന്‍നിര്‍ത്തിക്കൊണ്ടാണ് തീരുമാനം. എന്നാല്‍ സീസണ്‍ പൂര്‍ണമായും ഉപേക്ഷിക്കില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അപെക്‌സ് ബോര്‍ഡ് വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു.

Content highlight: Report says UAE unlikely to host Pakistan Super League

We use cookies to give you the best possible experience. Learn more